ദില്ലി: ആറ് നിയമസഭാതെരഞ്ഞെടുപ്പുകൾ അടുത്ത വർഷം നടക്കാനിരിയ്ക്കെ കേന്ദ്രമന്ത്രിസഭയിലും ബിജെപി ഭാരവാഹി തലത്തിലും അടുത്ത ആഴ്ച അഴിച്ചുപണി നടന്നേയ്ക്കും. പ്രധാനപ്പെട്ട മന്ത്രിമാരുടെ പദവികളിലൊന്നും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കേരളത്തിൽ നിന്ന് ഇത്തവണയും കേന്ദ്രമന്ത്രി ഉണ്ടാകാനിടയില്ല
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അടുത്ത വർഷം ആദ്യവും ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ അടുത്ത വർഷം ഡിസംബറോടെയും തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പാർട്ടി തലത്തിലും കേന്ദ്രമന്ത്രിസഭാ തലത്തിലും പുനഃസംഘടനയ്ക്ക് ബിജെപി നീക്കം തുടങ്ങിയിരിയ്ക്കുന്നത്.

അസം മുഖ്യമന്ത്രിയായി ചുമതലയേറ്റ സർബാനന്ദ സോനോവാളിന്റെയും പഞ്ചാബിലെ ബിജെപി സംസ്ഥാനാധ്യക്ഷനായി നിയമിച്ച കേന്ദ്രസാമൂഹ്യനീതി സഹമന്ത്രി വിജയ് സാംപ്ലയുടെയും ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല. ഈ സ്ഥാനങ്ങളിലേയ്ക്ക് ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമുള്ളവർ എത്തിയേയ്ക്കും. അടുത്ത വർഷം ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഗോവയിലേയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറെ തിരികെ അയയ്ക്കില്ലെന്നാണ് സൂചന. ധനകാര്യവും ആഭ്യന്തരവുമുൾപ്പടെ കേന്ദ്രമന്ത്രിസഭയിലെ മറ്റ് പ്രധാനപ്പെട്ട വകുപ്പുകളിലൊന്നും മാറ്റങ്ങളുണ്ടാകില്ല.

പാർട്ടി തലത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളെ കൊണ്ടുവരാനാകും ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ ശ്രമിയ്ക്കുക. നിലവിൽ ദേശീയ നേതൃത്വത്തിലെ 39 ഭാരവാഹികളിൽ ഒരു ദളിത് അംഗം പോലുമില്ല. ബിജെപി കേന്ദ്രനേതൃത്വത്തിലേയ്ക്ക് കൂടുതൽ ഒബിസി, ദളിത് മുഖങ്ങളെ കൊണ്ടുവരുമെന്നും സൂചനയുണ്ട്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം പിടിച്ചാൽ അത് വൻനേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഉത്തർപ്രദേശിൽ അമിത് ഷായുടെ നേതൃത്വത്തിൽ വ്യാപകമായി പ്രചാരണറാലികൾ നടത്തും. 2014- -ലെ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവർത്തിയ്ക്കുകയെന്നതാണ് ലക്ഷ്യം. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ചേർന്നു തന്നെ മത്സരിയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തിൽ നിന്ന് ഇത്തവണയും കേന്ദ്രമന്ത്രി ഉണ്ടാകാനിടയില്ല. നോമിനേറ്റഡ് അംഗങ്ങളെ മന്ത്രിമാരാക്കില്ലയെന്നതാണ് ഇതിനു ചൂണ്ടിക്കാട്ടുന്ന കാരണം.