ദില്ലി:പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് തന്നെ. അടുത്ത മന്ത്രിസഭാ വികസനം നടക്കുമ്പോള്‍ പശുക്കളുടെ ക്ഷേമത്തിനായി ഒരു മന്ത്രാലയം തന്നെ തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.

രാജ്യവ്യാപകമായി ഗോവധം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്.അതുകൊണ്ട് തന്നെ മോദിയുടെ ഭരണത്തിന്‍ കീഴില്‍ പശു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറുകയും ചെയ്തു.കാലി ചന്തകളില്‍ പശുക്കളെ ഇറച്ചിക്കായി വില്‍ക്കരുതെന്ന നിര്‍ദ്ദേശം കൂടി എത്തിയതോടെ വിഷയം മറ്റൊരു തലത്തിലേക്ക് മാറി. ഗോരക്ഷയുടെ പേരില്‍ വ്യാപകമായി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറി.ഒപ്പം കടുത്ത പ്രതിഷേധവും. ഇതിനിടെയാണ് പശുമന്ത്രാലയം തന്നെ തുടങ്ങാനുള്ള ആലോചന നടക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് ലക്നൗവില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയതും. പശുമന്ത്രാലയം വേണമെന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.എന്നാല്‍ വകുപ്പിന്റെ വിശദാംശങ്ങളിലേക്ക് അമിത് ഷാ കടന്നില്ല.പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ കൂട്ടത്തില്‍ ഒരു പശുമന്ത്രിയേ കൂടി പ്രതീക്ഷിക്കാം.

പശുക്കള്‍ക്കായി സംസ്ഥാനത്ത് ആദ്യ വകുപ്പ് ഉണ്ടാക്കിയത് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലായിരുന്നു.ഒരു മന്ത്രിയേയും ഇതിനായി നിയമിച്ചു. ഗുജറാത്തില്‍ പശുക്കളെ കശാപ്പു ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന നിയമമുണ്ട്. മോദി അധികാരത്തിലെത്തിയപ്പോള്‍ പശു ക്ഷേമത്തിന് മന്ത്രാലയം ഉണ്ടാക്കണമെന്ന് ആദ്യം ശുപാര്‍ശ നല്‍കിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ആയിരുന്നു.