Asianet News MalayalamAsianet News Malayalam

സ്ഥിരം തൊഴില്‍ സമ്പ്രദായവും തൊഴില്‍  സംരക്ഷണവും എടുത്തുകളയുന്നു

Modi government to change labour laws
Author
New Delhi, First Published May 26, 2017, 6:05 AM IST

മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത രണ്ടു വര്‍ഷം തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയങ്കിലും ഇവ അവഗണിച്ച് മുന്നോട്ടുപോവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്ന രീതിയിലാണ് തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കരണം വരുന്നത്. 

ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, ലേബര്‍ ബ്യൂറോ കണക്കുകളനുസരിച്ച് 3.86 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 2015ല്‍ 1.55 ലക്ഷവും 2016 ഏപ്രില്‍-ഡിസംബര്‍ വരെ 2.31 ലക്ഷവും തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ പരാജയം മറികടക്കാനാണ് അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം. 

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠിതിനാണ് നീതി ആയോഗിനെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് നീതി ആയോഗ് മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ നിര്‍ദേശങ്ങളുടെ കരട് വിതരണം ചെയ്തിരുന്നു. തൊഴില്‍ മേഖലയില്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി സമഗ്ര പരിഷ്‌കരണം നടത്തുന്ന നിര്‍ദേശങ്ങളാണ് നീതി ആയോഗ് സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ചത്. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ മാറ്റിമറിക്കാനും നിര്‍ദേശങ്ങളില്‍ പറയുന്നു. 

സ്ഥിരം തൊഴില്‍ സമ്പ്രദായം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് നീതി ആയോഗിന്റെ പ്രധാന നിര്‍ദേശം. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തൊഴില്‍ സംരക്ഷണം എടുത്തു കളയണം. സ്ഥിരം തൊഴിലിന് പകരം നിശ്ചിത കാല തൊഴില്‍ സമ്പ്രദായം കൊണ്ടുവരണം. സ്ഥിരം തൊഴില്‍ സമ്പ്രദായവും തൊഴില്‍ സംരക്ഷണ നിയമവുമാണ് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ വിലക്കുന്ന പ്രധാന ഘടകങ്ങളെന്ന് നീതി ആയോഗ് ശുപാര്‍ശകളില്‍ പറയുന്നു. 

അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള, 25 കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങളെ സ്റ്റാര്‍ട്ട് അപ്പുകളായി കണക്കാക്കും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  തൊഴില്‍ നിയമങ്ങള്‍ ബാധകമാവില്ല. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപകമാക്കാനും നീതി ആയോഗ് ലക്ഷ്യമിടുന്നു. 

രാജ്യത്ത് നിലനില്‍ക്കുന്ന ഒരു തൊഴില്‍, ഭൂ നിയമവും ബാധകമല്ലാത്ത, വലിയ തീരദേശ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാനും നീതി ആേയാഗ് നിര്‍ദേശിക്കുന്നു.  ചൈനീസ് മാതൃകയില്‍ 500 ചതുരശ്ര കിലോ മീറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന ബൃഹദ്് മേഖലകളായിരിക്കും ഇവ. രാജ്യത്തിന്റെ പടിഞ്ഞാറ്, കിടക്കു മേഖലകളില്‍ ഇത്തരത്തില്‍ രണ്ട് വലിയ സോണുകള്‍ സ്ഥാപിക്കും. ഈ മേഖലകളിലെ കമ്പനികള്‍ക്ക് വന്‍ നികുതിയിളവും ലഭിക്കും. 

ഈ നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളെയും തൊഴിലാളിക്ക് സംരക്ഷണം നല്‍കുന്ന സമ്പ്രദായത്തെയും അടിമുടി മാറ്റി മറിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും വരെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നു. എന്നാല്‍, എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 

Follow Us:
Download App:
  • android
  • ios