ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേന്ദ്രസംസ്ഥാനബന്ധത്തിലും സുപ്രധാന നാഴികകല്ലാകുകയാണ് ഉത്തരാഖണ്ട് നിയമസഭയിലെ ഇന്നത്തെ നടപടികള്‍. കോടതി നിയന്ത്രിച്ച വിശ്വാസവോട്ടെടുപ്പിന്റെ ഫലം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് മുഖത്തേറ്റ അടിയായി. കോണ്‍ഗ്രസ് ക്യാംപിലെ വിമത നീക്കമാണ് ഉത്തരാഖണ്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇടയാക്കിയതെങ്കിലും ബിജെപി ഇത് മുതലെടുക്കാന്‍ തിടുക്കം കാട്ടി. ഉത്തരാഖണ്ടിലെ പരാജയം കൂടുതല്‍സംസ്ഥാനസര്‍ക്കാരുകളെ വീഴ്ത്താനുള്ള നീക്കത്തിന് വിലങ്ങുതടിയാകും. ഈ വര്‍ഷം കാലാവധി കഴിയുന്ന ഒരു സര്‍ക്കാരിനെതിരെ ഇത്തരം നീക്കങ്ങള്‍ക്ക് പോകേണ്ടിയിരുന്നില്ല എന്ന അഭിപ്രായം ബിജെപിക്കുള്ളില്‍ തന്നെയുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകള്‍ തുടരവേ ഈ വിജയം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടും.

വോട്ടെടുപ്പില്‍ മായവതിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് ദേശീയതലത്തില്‍ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്നതിന്റെ സൂചനയായി. ജിഎസ്‌ടി ഉള്‍പ്പടെ സുപ്രധാന ബില്ലുകള്‍ എല്ലാം തല്‍ക്കാലം പാസ്സാകാനുള്ള സാധ്യത ഇതോടെ ഇല്ലാതായി. ഈ തിരിച്ചടി കേന്ദ്രം മറികടക്കണമെങ്കില്‍ 19ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസമിലും കേരളത്തിലുമൊക്കെ ബിജെപി പ്രതീക്ഷിക്കുന്ന ഫലം വരണം.

കോടതിയിലെ പോരാട്ടം ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ടതു മാത്രമല്ല, ബജറ്റ് പാസ്സാക്കാത്തതു കൊണ്ടുള്ള ഭരണഘടനാ പ്രതിസന്ധിയും കുതിരക്കച്ചവടവും കേന്ദ്രം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്‌ട്രപതി ഭരണം തല്‍ക്കാലം പിന്‍വലിക്കുമെങ്കിലും ഹരീഷ് റാവത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ആയുധമാക്കി ബിജെപി കോടതിയില്‍ അനുകൂല വിധിക്കായി ശ്രമിക്കും.