ദില്ലി: നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ഊര്‍ജ്ജമേഖലയും, രാജ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട കരാറുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്കുള്ള പുതിയ തീവണ്ടി സര്‍വ്വീസുകളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും. എന്നാല്‍ ടീസ്റ്റ നദീജല കരാറിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് ഉണ്ടാകുകയെന്നതാണ് ശ്രദ്ധേയം. നല്ല സഹകരണമുള്ള അയല്‍ക്കാരാണ് ഇന്ത്യയും ബംഗ്ലാദേശുമെന്നും അതിനാല്‍ ടീസ്റ്റ നദീജല കരാറിലെ ചര്‍ച്ചയില്‍ നീക്കുപോക്ക് വേണമെന്നാണ് ഷെയ്‌ക്ക് ഹസീന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. ഇന്നലെ ദില്ലിയിലെത്തിയ ഷെയ്ക്ക് ഹസീനയെ സ്വീകരിക്കാന്‍ കീഴ്വഴക്കങ്ങള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിലെത്തിയിരുന്നു.