കോൺ​ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി പക്ഷേ ജെ.ഡി.എസിനെതിരെ വിമർശനങ്ങളൊന്നും ഉന്നയിച്ചില്ല. അതേസമയം ജെഡിഎസ് നേതാവും മുൻപ്രധാനമന്ത്രിയുമായ ദേവ​ഗൗഡയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. 

ദില്ലി:ജെഡിഎസുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച്ച തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി പക്ഷേ ജെ.ഡി.എസിനെതിരെ വിമർശനങ്ങളൊന്നും ഉന്നയിച്ചില്ല. അതേസമയം ജെഡിഎസ് നേതാവും മുൻപ്രധാനമന്ത്രിയുമായ ദേവ​ഗൗഡയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. 

കോൺഗ്രസിന്‍റെ കന്നഡവാദ രാഷ്ട്രീയത്തിന് മറുപടി നൽകിയാണ് സിദ്ധരാമയ്യയുടെയും ജെഡിഎസിന്‍റെയും തട്ടകമായ മൈസൂരു മേഖലയിൽ മോദി പ്രചാരണം തുടങ്ങിയത്. കർണാടകത്തിൽ ബിജെപി കൊടുങ്കാറ്റ് വീശുമെന്ന് പറഞ്ഞ മോദി രാഹുൽ ഗാന്ധിയെ പ്രസംഗത്തിലുടനീളം പരിഹസിച്ചു.

രണ്ട് സീറ്റിൽ മത്സരിക്കുകയും മകനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്ത സിദ്ധരാമയ്യയുടേത് 2 പ്ലസ് വൺ പോളിസി ആണെന്ന് കുറ്റപ്പെടുത്തൽ. ജെഡിഎസ് കരുത്തരായ മൈസൂരുവിൽ അവർക്കെതിരെ മോദി ഒന്നും പറഞ്ഞില്ല. ദേവഗൗഡയെ അപമാനിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് ഉഡുപ്പിയിൽ മോദി ആരോപിച്ചു..

ബിജെപി ബന്ധം നടക്കാൻ പോകുന്നില്ലെന്ന് ദേവഗൗഡ നിലപാട് വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. സംഘപരിവാർ പ്രവർത്തകരുടെ കൊലപാതകികളെ കോൺഗ്രസ് സഹായിക്കുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. പ്രസംഗങ്ങളിലുടനീളം മേഖലയിലെ ക്ഷേത്രങ്ങളും മഠങ്ങളും അദ്ദേഹം പരാമർശിച്ചു. എന്നാൽ ലിംഗായത്ത് വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു.