ഗാന്ധിനഗര്‍: ഡിസംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മോദി സംസ്ഥാനത്ത് ആകെ അൻപത് റാലികൾ നടത്തും. കോൺഗ്രസിന്റെ പ്രചാരണത്തിന് മറ്റന്നാൽ രാഹുൽ ഗാന്ധി തുടക്കം കുറിക്കും. കുടിക്കാൻ ശുദ്ധജലം കിട്ടുന്നില്ല എന്നതടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഗ്രാമീണമേഖലയിലെ വോട്ടർമാർ രോഷത്തിലാണ്.

ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗം സജീവമാണ്. മോദിയാണ് ബിജെപിയുടെ ക്രൗഡ്പുള്ളർ. 2012തെരഞ്ഞെടുപ്പിൽ ചെറുതും വലുതുമായ 175 റാലികൾ നടത്തിയ മോദി ഇക്കുറി 50 കൂറ്റൻ റാലികളാണ് നടത്തുന്നത്. പട്ടേൽ നേതാക്കളിൽ ചിലർക്ക് അതൃപതിയുണ്ടെങ്കിലും സമുദായം തങ്ങൾക്കൊപ്പമാണെന്ന് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റന്നാണ് സൂറത്തിൽ കോൺഗ്രസിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യുന്ന രാഹുൽ ഗാന്ധി മൂന്ന് ദിവസം ദക്ഷിണ ഗുജറാത്തിൽ പര്യടനം നടത്തും.