Asianet News MalayalamAsianet News Malayalam

മോദിയെ 'ശിവലിംഗത്തിന് മുകളിൽ കയറിയ തേൾ' എന്ന് ഒരു ആർഎസ്എസ് നേതാവ് വിളിച്ചതായി ശശി തരൂർ

'പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ബംഗലുരു ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ നടന്ന സംവാദത്തിലാണ് തരൂരിന്‍റെ വെളിപ്പെടുത്തൽ. ആർഎസ്എസ് നേതാക്കളും മോദിയും തമ്മിലുള്ള കടുത്ത ഭിന്നത വെളിവാക്കുന്നതാണ് ഈ വിശേഷണമെന്നും തരൂർ പറഞ്ഞു. ശിവനെ അപമാനിയ്ക്കുന്നതാണ് പ്രസ്താവനയെന്ന് ബിജെപി തിരിച്ചടിച്ചു. 

modi is a scorpion sitting on a shivling says tharoor
Author
Bengaluru, First Published Oct 28, 2018, 4:30 PM IST

ബംഗലുരു: 'ഹിന്ദു താലിബാൻ' പരാമർശത്തിന് ശേഷം വീണ്ടും ഒരു പ്രസ്താവനയെച്ചൊല്ലി വിവാദക്കുരുക്കിലാവുകയാണ് ശശി തരൂർ എംപി. ബംഗലുരു ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ 'പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും ആർഎസ്എസ് അതൃപ്തരായിരുന്നെന്ന് തരൂർ പറഞ്ഞു. 

ഇതിനുദാഹരണമായാണ് മോദിയെക്കുറിച്ച് ഒരു ആർഎസ്എസ് നേതാവ് നടത്തിയ പരാമർശത്തെക്കുറിച്ച് തരൂർ വെളിപ്പെടുത്തിയത്. തന്‍റെ സുഹൃത്തായ ഒരു മാധ്യമപ്രവർ‍ത്തകനോടാണ് മുതിർന്ന ആർഎസ്എസ് നേതാവ് ഈ പരാമർശം നടത്തിയതെന്നും തരൂർ പറഞ്ഞു.

''നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു 'അസാധ്യ'താരതമ്യമാണത്!'' തരൂർ കൈയടികൾക്കിടെ പറഞ്ഞു. 

 

എന്നാൽ രൂക്ഷമായ ഭാഷയിലാണ് തരൂരിന്‍റെ പ്രസ്താവനയെ ബിജെപി അപലപിച്ചത്. ശിവഭക്തനെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തരൂരിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശിവനെ അപമാനിയ്ക്കുന്ന പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios