വ്യാജന്മാർക്കെതിരെ ട്വിറ്റർ വാളെടുത്തപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ്. 

ദില്ലി: വ്യാജന്മാർക്കെതിരെ ട്വിറ്റർ വാളെടുത്തപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ്. ട്വിറ്ററിലെ താരം ശശിതരൂരിന് ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് നഷ്ടം. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരുടെയും ഫോളോവേഴ്സ് പട്ടിക മെലിഞ്ഞു. 

നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് മാത്രം 2,84,746 വ്യാജ ഫോളോവേഴ്സിനെ നീക്കം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് അക്കൗണ്ടിൽ നിന്ന് നീക്കിയത് 140,635 പേരെ. ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് മോദി. പതിനേഴായിരത്തിൽ അധികം ഫോളോവേഴ്സിനെ രാഹുൽ ഗാന്ധിക്ക് നഷ്ടപ്പെട്ടു. ശശി തരൂരിന്‍റെ 151,509 ഫോഴോവേഴ്സിനെ ട്വിറ്റർ നീക്കി. 

സുഷമ സ്വരാജിനും അമിത് ഷായ്ക്കും അരവിന്ദ് കെജ്‍രിവാളിനും ട്വിറ്ററിന്‍റെ ശുദ്ധീകരണ യഞ്ജത്തിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സിന്‍റെ നഷ്ടം ഉണ്ടായി. ബോളിവുഡ് താരങ്ങളുടെ ഫോളോഴേ്സിന്‍റെ എണ്ണത്തിലുമുണ്ട് ഇടിവ്. അമിതാഭ് ബച്ചന് നഷ്ടം നാല് ലക്ഷം ഫോളോവേഴ്സ്. ഇന്ത്യയിൽ മാത്രമല്ല, ലോക നേതാക്കള്‍ക്കുമുണ്ട് നഷ്ടം . ട്രംപിനും ഒബാമയ്ക്കം ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് 24 മണിക്കൂറിനുള്ളിൽ നഷ്ടമായത്.

വ്യാജ പ്രൊഫൈലുകൾക്ക് ഒപ്പം നിർജ്ജീവമായ അക്കൗണ്ടുകളും ട്വിറ്റർ നീക്കുന്നുണ്ട്. സംശയം തോന്നുന്ന അക്കൗണ്ടുകളെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവയെയും കർശനമായി നിരീക്ഷിക്കുമെന്ന് ട്വിറ്റർ ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു.