ദില്ലി: നരേന്ദ്രമോദിയെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍ കമ്പനികളെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. സൈബര്‍ സുരക്ഷയടക്കം ഒന്‍പത് മേഖലകളില്‍ സഹകരണത്തിന് ഇന്ത്യയും ഇസ്രായേലും ധാരണാ പത്രം ഒപ്പിട്ടു.
ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ വിപ്ലവകാരിയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
ഇന്ത്യയും ഇസ്രായേലും ഭീകാരക്രമണത്തിന്‍റെ വേദന അറിഞ്ഞ രാജ്യങ്ങളാണെന്ന് മുംബൈ ഭീകരാക്രമണം സൂചിപ്പിച്ച് നെതന്യാഹു പറഞ്ഞു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെടുക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിക്കെതിരെ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ വോട്ട് ചെയ്ത് നിരാശപ്പെടുത്തിയെങ്കിലും ഇത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനം പുതിയ യാത്രയുടെ തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം
പെട്രോളിയം, വ്യോമയാനം, ഹോമിയോപ്പതി, ബഹിരാകാശ ഗവേഷണം, സിനിമ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും ഇന്ത്യയും ഇസ്രായേലും സഹകരിച്ച് പ്രവര്‍ത്തിക്കും. നാളെ നെതന്യാഹുവും ഭാര്യ സാറയും താജ്മഹല്‍ സന്ദര്‍ശിക്കും.
