ന്യൂഡൽഹി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിൽ ഇപ്പോൾ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതി നിരോധനത്തിനെതിരെ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയെ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർസെൽവത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ടിന്‍റെ സാംസ്കാരിക പാരമ്പര്യം അംഗീകരിക്കുന്നുവെന്നും തമിഴ്നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക കേന്ദ്രസംഘത്തെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സംഘം ഉടൻതന്നെ തമിഴ്നാട് സന്ദർശിക്കും.
ജെല്ലിക്കെട്ട് നിരോധിച്ച് നേരത്തേ സുപ്രീകോടതി ഉത്തരവിറക്കിയിട്ടുണ്ട്. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാൺണെന്നും ഈ സാഹചര്യത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്നും മോദി വ്യക്തമാക്കി.
പൊങ്കലിന് മുമ്പായി ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിൻറെ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇക്കഴിഞ്ഞ പത്താം തീയതി മുതല്‍ വൻപ്രക്ഷോഭമാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. ചെന്നൈ മറീന ബിച്ചിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിൽ ക്ളാസുകള്‍ ബഹിഷ്കരിച്ച് ആയിരക്കണക്കിന് കോളജ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സിനിമാ സംഘടനകളും സമരത്തെ പിന്തുണക്കുന്നുണ്ട്.
