കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ കന്പനികളാണ് ഇത്തരത്തില്‍ നിലപാട് അറിയിച്ചിട്ടുള്ളത്. നരേന്ദ്രമോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്താല്‍ ഇന്ധനം നല്‍കില്ലെന്ന് കന്പനികള്‍ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ പെട്രോളിയം ഡീലേര്‍സിന്റെ പ്രസിഡന്റ് എസ്.എസ് ഗോഗി തന്നെ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു

ദില്ലി: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പൊതു തിരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം പോലുമില്ല. അതിനിടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം രാജ്യവ്യാപകമായി പതിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. പെട്രോള്‍ പന്പുകളില്‍ മോദിയുടെ ചിത്രം പതിപ്പിച്ചില്ലെങ്കില്‍ ഇന്ധനം നല്‍കില്ലെന്ന് വന്‍ കിട എണ്ണ കന്പനികള്‍ അറിയിച്ചെന്ന പരാതിയുമായി പന്പുടമകള്‍ രംഗത്തെത്തി.

പ്രമുഖ ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടത്. നിര്‍ബന്ധമായും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന് എണ്ണ കന്പനികള്‍ ശഠിക്കുകയാണെന്നാണ് പരാതി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രം സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഇത് മാത്രമല്ല, പന്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും പ്രമുഖ കന്പനികള്‍ ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ കന്പനികളാണ് ഇത്തരത്തില്‍ നിലപാട് അറിയിച്ചിട്ടുള്ളത്. നരേന്ദ്രമോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്താല്‍ ഇന്ധനം നല്‍കില്ലെന്ന് കന്പനികള്‍ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ പെട്രോളിയം ഡീലേര്‍സിന്റെ പ്രസിഡന്റ് എസ്.എസ് ഗോഗി തന്നെ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലാളികളുടെ വ്യക്തി വിവരങ്ങള്‍, ജാതി, മതം എന്നിവ വേര്‍തിരിച്ച് അറിയിക്കണമെന്ന നിര്‍ദേശം സ്വകാര്യതയുടെ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ വന്‍കിട കന്പനികലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും ഗോഗി പറഞ്ഞു.