ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ ചൈന സ്വാധീനം കൂട്ടുമ്പോഴാണ് ഇന്തോനേഷ്യയുമായി ഇന്ത്യ കൈകോര്‍ക്കുന്നത്.

ദില്ലി: ചൈനയ്ക്കെതിരെ ആസിയാന്‍ രാജ്യങ്ങളുമായി കൈകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രസുരക്ഷ ഉള്‍പ്പടെ 15 കരാറുകളില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു. ഭീകരതയ്ക്കെതിരെ പോരാടുമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ ചൈന സ്വാധീനം കൂട്ടുമ്പോഴാണ് ഇന്തോനേഷ്യയുമായി ഇന്ത്യ കൈകോര്‍ക്കുന്നത്. മേഖലയില്‍ സംയുക്ത സഹകരണത്തിനാണ് ധാരണ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സബാംങ്ങ് ദ്വീപിൽ ഇരുരാജ്യങ്ങളും ചേര്‍ന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി തുറമുഖം നിര്‍മ്മിക്കും. സമുദ്രസുരക്ഷയ്ക്ക് പുറമേ മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്കായുള്ള കരാറിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും ഒപ്പുവെച്ചു. ഒരുമിച്ച് പട്ടം പറത്തിയും സൈനിക സ്മാരകം സന്ദര്‍ശിച്ചതിനും ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. ഭീകരതയക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി ഇന്ത്യയിലേത് ലോകത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അവസരങ്ങളെന്നും അകാശപ്പെട്ടു. ഭരണനേട്ടങ്ങള്‍ നിരത്തിയായിരുന്നു ഇന്ത്യന്‍ സമൂഹത്തിന് മുന്നിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. നാളെ മലേഷ്യയിലേക്ക് തിരിക്കുന്ന മോദി വെള്ളിയാഴ്ച്ച സിംഗപ്പൂരലെത്തും.