ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനായി ബറാക് ഒബാമ തയാറാക്കിയ വീഡിയോയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ കാണിക്കുന്ന അമേരിക്കയ്ക്ക് പുറത്തെ ഏക രാഷ്ട്രീയ നേതാവാണ് മോദി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ മാത്രമാണ് മോദിയെ കൂടാതെ വീഡിയോയിലുള്ള മറ്റൊരു പ്രമുഖന്‍.

കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തിന് മുന്നോടിയായാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. മോദിയും-ഒബാമയും കൂടി നില്‍ക്കുന്ന ചിത്രമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചിത്രീകരിക്കുന്നതാണ് വീഡിയോ.

ഒസാമ ബിന്‍ലാദനെ വധിച്ചതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും ശരിയായ പാതയിലെത്തിച്ചതും അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എടുത്തു പറയുന്നുണ്ട്. ഒമാബ ക്രിസ്മസ് കരോള്‍ ആലപിക്കുന്നതും കണക്ടിക്കട്ടിലെ സാന്‍ഡി ഹുക്ക് എലമെന്ററി സ്കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ വികാരനിര്‍ഭരനായി പ്രതികരിക്കുന്ന ഒബാമയുടെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.