ദില്ലി: അമേരിക്കയുള്‍പ്പടെ അഞ്ച് വിദേശരാജ്യങ്ങളിലേയ്ക്കുള്ള പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം നാലിന് പുറപ്പെടും. അമേരിക്കയ്ക്ക് പുറമേ, സ്വിസ്റ്റര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും. സ്വിസ്റ്റര്‍ലന്‍ഡ് പ്രസിഡന്റ് ജൊവാന്‍ ഷ്‌നെയിഡര്‍ അമ്മാനുമായി ചര്‍ച്ച നടത്തുന്ന നരേന്ദ്രമോദി കള്ളപ്പണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കും. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാം മോദി ഉദ്ഘാടനം ചെയ്യും. ഖത്തര്‍ രാജാവുമായി എണ്ണ വ്യാപാരമുള്‍പ്പടെയുള്ള വാണിജ്യ, സാമ്പത്തികവിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. അടുത്ത മാസം ഏഴിന് അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ബരാക് ഒബാമയുമായി ചര്‍ച്ചകള്‍ നടത്തും. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. അമേരിക്കയില്‍ നിന്ന് മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷമാകും മോദി ഇന്ത്യയില്‍ മടങ്ങിയെത്തുക.