അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12 മണിവരെ 39 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ ഉത്സവം അര്‍ത്ഥപൂര്‍ണമാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി സബര്‍മതിയിലെ ബൂത്ത് നമ്പര്‍ 115ല്‍ വേട്ടുചെയ്തു. വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി റോഡ് ഷോ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ട് ചെയ്തതിന് ശേഷം മഷി പുരട്ടിയ വിരലുകളുമായി ജനക്കൂട്ടത്തിനിടയിലൂടെ മോദി നടന്നു. ഇത് റോഡ് ഷോയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.


അമിത് ഷാ നരന്‍പുരയിലും അരുണ്‍ ജെയ്റ്റ്‌ലി വെജല്‍പൂരിലും വോട്ടിട്ടു. വീരംഗാമില്‍ വോട്ടിട്ട ഹാര്‍ദിക് പട്ടേല്‍ ജനവിധിയുടെ ഫലം അസാധാരണമായിരിക്കുമെന്ന് പറഞ്ഞു. അതിരാവിലെ പ്രധാനമന്ത്രിയുടെ അമ്മ ഹിരാ ബെന്‍ ഗാന്ധിനഗറില്‍ വോട്ടു രേഖപ്പെടുത്തി. 

വടക്കന്‍ ഗുജറാത്തിലെയും മധ്യഗുജറാത്തിലെയും 2കോടി 22ലക്ഷം ജനങ്ങളാണ് ഇന്ന് വോട്ടുചെയ്യുന്നത്. ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍പട്ടേലും കോണ്‍ഗ്രസിലെ ജീവാഭായ് പട്ടേലും തമ്മിലാണ്. കന്നിയങ്കത്തിനിറങ്ങുന്ന ദളിത് നായകന്‍ ജിഗ്‌നേഷ് മേവാനിയും ഒബിസി നേതാവ് അല്‍പേഷ് താക്കൂറും വിജയപ്രതീക്ഷയിലാണ്. 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കഴിഞ്ഞതവണ ഈ 93ല്‍ 52 ഇടത്ത് ബിജെപിയും 33 സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. 2012ല്‍ 72 ദശാംശം ആറ് രണ്ട് ശതമാനമായിരുന്നു പോളിംഗ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പോടെ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടിംഗ് വോട്ടെടുപ്പ് അവസാനിക്കും.