ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ മാപ്പ് പറയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിഡു. പാര്‍ലമെന്റില്‍ നടത്താത്ത പരാമര്‍ശത്തെച്ചൊല്ലി സഭ നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിനെ അവഹേളിക്കുകയാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ നരേന്ദ്രമോദി സഭയിലെത്തി മാപ്പ് പറയണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ നാലാം ദിനവും തടസ്സപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.