കർണ്ണാടകയിൽ ബിജെപി കാറ്റല്ല കൊടുങ്കാറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  ബിജെപിയുടെ ലക്ഷ്യം വികസനം 

ബംഗളൂരു: കർണ്ണാടകയിൽ ബിജെപി കാറ്റല്ല കൊടുങ്കാറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കർണ്ണാടക ചാമരാജ് നഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി . വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നും മോദി. തന്നോടുളള സ്നേഹം വികസനത്തിന്‍റെ രൂപത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ച് നല്‍കും. കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും മോദി. 

കൂടാതെ ഏതെങ്കിലും ഒരു ഭാഷയില്‍ പേപ്പറില്‍ നോക്കാതെ 15 മിനുട്ട് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിയെ മോദി വെല്ലുവിളിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് ഏതെങ്കിലും ഒരു ഭാഷയില്‍ സംസാരിക്കാമോ എന്നായിരുന്നു ചോദ്യം. ഏപ്രില്‍ 17ന് രാഹുല്‍ മോദിയെ വിമര്‍ച്ച് നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കിയാണ് പ്രസംഗം ആരംഭിച്ചത്. 

പാര്‍ലമെന്‍റിനെ മോദി അഭിമുഖീകരിക്കാത്തത് പേടികൊണ്ടാണെന്ന് രാഹുല്‍ അമേഠിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറിനെ പറ്റി പാര്‍ലമെന്‍റില്‍ 15 മിനുട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ മോദിയ്ക്ക് താങ്ങാനാവില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. തന്നെ പോലുള്ള സാധാരണക്കാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷനെ പോലുള്ളവരുടെ മുന്നില്‍ നമില്‍ക്കാനാവില്ലെന്നും അദ്ദേഹത്തേപ്പോലെ വസ്ത്രം ധരിക്കാനാകാത്ത പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ രാഹുലിന് മനസ്സിലാകില്ലെന്നും മോദി പരിഹസിച്ചു. 

ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയിലുമാണ് മോദിയുടെ ആദ്യ ദിനത്തിലെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളില്‍ മോദി പങ്കെടുക്കും. അവസാന ലാപ്പില്‍ മോദിയെ രംഗത്തിറക്കുകയാണ് കര്‍ണാടകത്തില്‍ ബിജെപി.