കഴിഞ്ഞ ലോകകപ്പില്‍ ലിയോണല്‍ മെസിക്കായിരുന്നു സ്വര്‍ണ പന്ത്
മോസ്കോ: ലോകകപ്പിലെ മിന്നുന്ന പ്രകടനം കൊണ്ട് ഇതിനകം റഷ്യയിലെ താരമായി മാറിയ നായകനാണ് ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്. ലൂക്കായ്ക്ക് ലോകകപ്പിലെ മികച്ച താരത്തിന് ലഭിക്കുന്ന സ്വര്ണ പന്ത് ലഭിക്കുമെന്നാണ് ഫുട്ബോള് ലോകം കരുതപ്പെടുന്നത്. എന്നാല്, ആ സ്വര്ണ പന്ത് ലഭിക്കല്ലേ എന്ന പ്രാര്ഥനയിലാണ് ക്രൊയേഷ്യയെന്നാണ് സത്യം.
അതിന് കാരണം വേറൊന്നുമല്ല. 1994ന് ശേഷം തുടരുന്ന ഒരു പതിവുണ്ട് ലോകകപ്പിൽ. മികച്ച താരത്തിനുളള സ്വർണ പന്ത് നേടിയവരാരും ലോകകിരീടം ഉയർത്തിയിട്ടില്ല. റഷ്യയിൽ സ്വർണപന്ത് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിനും ഈ ഗതികേടുണ്ടാവുമോ എന്ന പേടിയിലാണ് ക്രോട്ടുകള്.
കയ്യടികൾക്കിടയിലൂടെ തലതാഴ്ത്തി മടങ്ങിയവരുടെ അഞ്ച് ചിത്രങ്ങൾ ലോകത്തിന് മുന്നിലുണ്ട്. റൊണാൾഡോ, ഒളിവർ ഖാൻ,സിനദിൻ സിദാൻ, ഡിഗോ ഫോർലാൻ, ലിയോണൽ മെസി. ഈ പേരുകളിലുണ്ട് ലോകകപ്പ് സമ്മാനിച്ച നഷ്ടങ്ങള്. ഓരോ ലോകകപ്പിന്റെയും താരങ്ങളായിരുന്നു അവര്.
കിരീടത്തിനരികെ പക്ഷേ തെന്നിവീഴാനായിരുന്നു വിധി. റൊമാരിയോ സ്വർണ പന്ത് നേടിയ 1994ൽ ചാമ്പ്യന്മാരായി ബ്രസീൽ. നേട്ടമാവർത്തിക്കാനാണ് നാല് വർഷത്തിന് ശേഷം അവർ ഫ്രാൻസിലെത്തിയത്. റൊണാൾഡോയേക്കാൾ മികവുറ്റ താരം ആ ലോകകപ്പിലുണ്ടാകില്ലെന്ന് പ്രവചനങ്ങളുണ്ടായി.
അതൊന്നും പാഴായില്ല. നാല് ഗോളുമായി ബ്രസീലിനെ ഫൈനലിലേക്ക് നയിച്ചു ഇരുപത്തിയൊന്നുകാരൻ. കലാശ പോരാട്ടത്തിന് മുമ്പ് അസുഖബാധിതനായി റൊണാൾഡോ. ഫൈനൽ ബ്രസീൽ തോറ്റു. സ്വർണപന്ത് മാത്രം ബാക്കിയായി താരത്തിന്. നാല് വർഷത്തിനപ്പുറം പിഴവ് തീർത്ത റൊണാൾഡോ ഏഴ് ഗോളുമായി ഗോൾഡൻ ബൂട്ടും ലോകകിരീടവും നേടി.
എന്നാൽ, യൊക്കഹാമ സ്റ്റേഡിയത്തിലെ സങ്കടക്കാഴ്ചയായി ഒളിവർ കാൻ. ആ ലോകകപ്പിന്റെ താരം. ഗോൾഡൻ ബോൾ നേടിയ ഒരേയൊരു ഗോൾ കീപ്പർ. സിനദിൻ സിദാന്റെ ലോകകപ്പായിരുന്നു 2006ലേത്.ഫൈനലിൽ സിദാന്റെ ഒരു നിമിഷത്തെ വികാരപരമായ പെരുമാറ്റത്തില് ഫ്രാൻസും വീണു.
രണ്ടാം കിരീടമില്ലാതെ അവരുടെ ഇതിഹാസതാരം മടങ്ങിയത് ഗോൾഡൻ ബോളുമായി. ഉറുഗ്വേയ്ക്ക് ഫൈനൽ പോലും കളിക്കാനായില്ല 2010ൽ. പക്ഷേ ഡിയഗോ ഫോർലാൻ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ താരമായി. ലോകകിരീടത്തിനരികെ ലിയോണൽ മെസിയുടെ മുഖം മാരക്കാനയിലെ ഓർമായിരുന്നു.
താരങ്ങളിൽ താരമായിട്ടും കപ്പുയർത്താനാകാതെ പോയി മെസിക്ക്. റഷ്യയിൽ കലാശ പോരിന് അരങ്ങൊരുങ്ങുമ്പോള് ലോകകപ്പിന്റെ താരമാകുമെന്ന് കരുതുന്നയാൾ ലൂക്ക മോഡ്രിച്ചാണ്. ക്രൊയേഷ്യൻ നായകൻ പതിവ് തെറ്റിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. മോഡ്രിച്ച് ഇല്ലെങ്കില് ഗ്രീസ്മാനും എംബാപെയ്ക്കും സാധ്യത കല്പ്പിക്കപ്പെടുന്നുണ്ട്.
