മധ്യനിര തമ്മിലുള്ള നീക്കങ്ങള്‍ കൊണ്ടുള്ള മത്സരമായിരിക്കും ഇന്ന് നടക്കുക
മോസ്കോ: ലൂഷ്നിക്കിയുടെ ഓരോ പുല്നാമ്പുകളെയും മെതിച്ച് കുതിച്ച് പായുന്ന കെയ്ലിയന് എംബാപെ. പന്തിനെ പരിലാളിച്ച് വിസ്മയ നീക്കങ്ങള് മെനഞ്ഞെടുക്കുന്ന മോഡ്രിച്ച്, കരുത്തിന്റെ പ്രതീകം കാന്റെ, നഷ്ടപ്പെടാത്ത പോരാട്ട വീര്യവുമായി റാക്കിറ്റിച്ചും മാന്സൂക്കിച്ചും.... ഇങ്ങനെ എന്തൊക്കെ കാണാന് കിടക്കുന്നു.
ലോകത്തിന്റെ കണ്ണ് മുഴുവന് ഇന്ന് റഷ്യന് തലസ്ഥാനമായ ലൂഷ്നിക്കിയിലേക്കായിരിക്കും. അവിടെ വിശ്വവിജയിപ്പട്ടം നേടിയെടുക്കാന് തോല്വിയറിയാതെ കുതിച്ചെത്തിയ രണ്ടു കൂട്ടര് തമ്മില് ഏറ്റുമുട്ടും. മധ്യനിര താരങ്ങളുടെ പോരാട്ടമായിരിക്കും ഫ്രാൻസും ക്രൊയേഷ്യയും ഫൈനലിൽ നിർണായകമാവുക.
ഫ്രാൻസിന്റെ ശക്തമായ പ്രതിരോധവും ക്രോട്ടുകള്ക്ക് വെല്ലുവിളിയാവും. കെയ്ലിയന് എംബാപ്പേയുടെ വേഗമായിരിക്കും ക്രൊയേഷ്യന് പ്രതിരോധത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുക. വിംഗുകൾ തുറന്നിട്ടാൽ എംബാപ്പേ പറപറക്കും. പിഎസ്ജി വഴിതടയാൻ ഒന്നിലധികംപേരെ നിയോഗിക്കുമ്പോള് അന്റോയിന് ഗ്രീസ്മാനും ഒലിവർ ജിറൂദും കൂടുതൽ സ്വതന്ത്രരാവും.
ഈയൊരു സാഹചര്യം ഒഴിവാക്കേണ്ട ചുമതല വിദയ്ക്കം ലോവ്റെനുമായിരിക്കും. മാരിയോ മാൻസുകിച്ച് ആയിരിക്കും ഫ്രഞ്ച് പ്രതിരോധത്തിന് തലവേദനയാവുക. കളിയുടെ ഗതിനിശ്ചയിക്കുന്ന മധ്യനിരയിൽ പന്തുതട്ടാനെത്തുന്നത് യന്ത്രവേഗവും കൃത്യതയും ഉള്ള താരങ്ങൾ.

ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യൻ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുമ്പോള് ഫ്രഞ്ച് മറുപടി പോൾ പോഗ്ബയിലൂടെയാണ്. മോഡ്രിച്ചിന്റെ കാലുകളിലാണ് ക്രോട്ടുകളുടെ സ്വപ്നങ്ങളത്രയും. എതിർ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് പ്രത്യാക്രമണത്തിന് തുടക്കമിടുന്ന ഇവാൻ റാക്കിട്ടിച്ചും എൻഗോളേ കാന്റേയും ആയിരിക്കും ഫൈനലിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തുന്ന രണ്ടുതാരങ്ങൾ.
4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ഇരുടീമും വലതുവിംഗിനെ അമിതമായി ആശ്രയിക്കുന്നവരാണ്. ഗോളടിക്കുന്നതിനേക്കാൾ ക്രൊയേഷ്യക്ക് അവസരം നൽകാതിരിക്കാൻ ഫ്രാൻസ് ശ്രമിച്ചാൽ ആക്രമണങ്ങളിൽ റാക്കിട്ടിച്ചിന്റെ സാന്നിധ്യം കൂടുതലായിരിക്കും. ഇതിലൂടെ തുറന്നുകിട്ടുന്ന സ്ഥലങ്ങളാണ് ഫ്രാൻസ് നോട്ടമിടുന്നത്. ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംസ് ഇതുവരെയുള്ള കളികളിൽ സ്വീകരിച്ച തന്ത്രം ഇതായിരുന്നു.
