തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്ന് സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി പരാതി.കിംഗ്സ് സ്പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരൻ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശബ്ദരേഖയുള്‍പ്പടെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 മുഹമ്മദ് നിസാമിൻറെ ഉടമസ്ഥതയിലുളള കിംഗ് സ്പേസ് ബിള്‍ഡേഴ്സ് ആൻറ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മാനേജരായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ഓഫീസിലെ ഒരു ഫയല്‍ ഉടൻ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ ലാൻറ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്.

സംഭാഷണത്തിനിടെ നിസാം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചന്ദ്രശേഖരൻ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി,ഫോണ്‍ സംഭാഷണത്തിൻറെ ശബ്ദരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. നിസാമിനെ കഴിഞ്‍ 2.5 വര്‍ഷത്തിനിടെ 20 വട്ടം ജയിലില്‍ പോയി കണ്ടു.അപ്പോഴൊക്കെ വളരെ മോശമായാണ് പെരുമാറിയത്.ക്രിമിനല്‍ സ്വഭാവമുളള നിസാം ജയിലില്‍ ആണെങ്കിലും അപകടരകാരിയാണ്.

അതിനാല്‍ തനറയും കുടുംബത്തിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനങ്ങളുടെ നടത്തിപ്പ് നിസാം ജയിലിലരുന്ന് നിയന്ത്രിക്കുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.ഇത് സാധൂകരിക്കുന്നതാണ് മാനേജരുടെ പരാതി.