കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് രക്ഷിതാക്കളാല്‍ പീഡിപ്പിക്കപ്പെടുന്നതും വര്‍ദ്ധിച്ചു ഈ വര്‍ഷം 17 ബാലവിവാഹങ്ങള്‍ നടന്നു

ഇടുക്കി: കുട്ടികള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ ഇടുക്കിയില്‍ ഓരോ വര്‍ഷവും പെരുകുകയാണെന്ന് കണക്കുകള്‍. 2015 - 16 കാലഘട്ടത്തില്‍ 634 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 772 കേസുകളായി ഉയര്‍ന്നു. 2017-18 ഇതുവരെ 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2015 ല്‍ 56 കുട്ടികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടപ്പോള്‍ 2016 ല്‍ അത് 85 ആയി ഉയര്‍ന്നു. 172 പേരാണ് ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. ശൈശവ വിവാഹങ്ങളുടെ എണ്ണത്തിലും ജില്ലയില്‍ വര്‍ദ്ധനയാണുള്ളത്. 27 ശൈശവ വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നോക്കവിഭാഗക്കാരാണ് ഇതില്‍ ഏറെയും. വിവിധ കാരണങ്ങളാല്‍ കാണാതായത് 35 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കാണാതായത്. 

കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നതും രക്ഷിതാക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. പ്രണയവും തുടര്‍ന്നുള്ള ഒളിച്ചോട്ടവും വഴിയാണ് കൂടുതല്‍ പേരും കാണാതായത്. കുട്ടികള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്നതിനിടയിലും ധാര്‍മ്മികാധപതനം സംഭവിച്ചതാണ് വേദനാജനകം. ലൈംഗികമായി പീഢിപ്പിക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം രക്ഷിതാക്കളും അയല്‍ക്കാരുമാണെന്നത് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കൂടുതള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. 16 പേര്‍ പീഡിപ്പിക്കപ്പെട്ടത് അയല്‍ക്കാര്‍ വഴിയാണ്. 15 പേര്‍ പീഡനത്തിനിരയായത് രക്ഷിതാക്കള്‍ വഴിയാണ്. 11 നും 15 നും ഇടയ്ക്ക് പ്രായമുള്ള 6 ശൈശവവിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെത്.

ശൈശവ വിവാഹങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും അതിന് തടയിടാന്‍ കഴിയുന്നില്ല എന്ന് തന്നെയാണ് തെളിയുന്നത്. 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള ശൈശവവിവാഹങ്ങളുടെ എണ്ണം 21 ആണ്. ദേവികുളം ബ്ലോക്കില്‍ മാത്രം 9 ശൈശവ വിവാഹങ്ങളാണ് നടന്നത്. പെണ്‍കുട്ടുകള്‍ക്കു പുറമെ ആണ്‍കുട്ടികള്‍ക്കും കടുത്ത ചൂഷണത്തിനിരയാകുന്നുണ്ട്. ബാലവേലയിലൂടെ ചൂഷണം ചെയ്യപ്പെട്ടവരും കുറവല്ല. 35 കുട്ടികളാണ് ബാലവേല ചെയ്യുന്നതിനിടയില്‍ പിടി കൂടപ്പെട്ടത്. 

ജില്ലയില്‍ പെണ്‍കുട്ടികളുടെ പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടറുകള്‍ ലഭ്യമാണെങ്കിലും ആണ്‍കുട്ടികള്‍ക്ക് അത്തരത്തിലൊരു സംവിധാനമില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചൈല്‍ഡ് ലൈന്‍ വഴിയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈല്‍ഡ് ലൈന്‍ വഴി കുട്ടികള്‍ക്കെതിരായ ആക്രമണം തടയുന്നതിനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും പിന്നോക്കവിഭാഗക്കാരില്‍ ശൈശവ വിവാഹം പോലെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും അജ്ഞത നിലനില്‍ക്കുയാണെന്ന് മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ ഡാറക്ടര്‍ ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പറയുന്നു.