നവജാതശിശുവിനെ മാതാവ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ചു. കൊറിയര്‍ കളക്ട് ചെയ്യാന്‍ വന്ന ജീവനക്കാരന് സംശയം തോന്നിയതോടെ കുഞ്ഞ് രക്ഷപെട്ടു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് സംഭവം. 

നവജാതശിശുവിനെ കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയാണ് മാതാവ് അനാഥാലയത്തിലേക്ക് അയക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊറിയര്‍ എടുക്കാന്‍ വന്നയാള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. കൊറിയര്‍ എടുക്കാന്‍ വന്നയാള്‍ കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കൊറിയര്‍ എടുത്തു. അപ്പോള്‍ കുട്ടി കരയുന്ന ശബ്ദം കേട്ടു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും മാതാവില്‍ നിന്ന് യാതൊരു ഭാവഭേദവും ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറിയറില്‍ കുഞ്ഞാണെന്ന് മനസ്സിലായി. 

ഇയാള്‍ ഉടന്‍ തന്നെ സംഭവം പോലീസില്‍ അറിയിച്ചു. 24കാരിയായ മാതാവാണ് ഈ ക്രൂരത ചെയ്തത്. പോലീസ് എത്തി കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെ അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി ശിക്ഷിച്ചു.