പാമ്പിനെ കണ്ടാല്‍ തന്നെ നമ്മുടെ ഉള്ളില്‍ ഭയമുണ്ടാകാറുണ്ട്. അത് വീടിനുള്ളിലാണെങ്കിലോ? സ്ത്രീകളും കുട്ടികളുമാണ് പാമ്പിന് മുന്നില്‍പ്പെടുന്നതെങ്കില്‍ ഭീതിയാര്‍ന്ന അന്തരീക്ഷമാകും പിന്നെ. ക്വീന്‍സ് ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലെ ഒരു വീട്ടില്‍ മണിക്കൂറുകളോളം അമ്മയേയും കുഞ്ഞിനെയും ഉഗ്രവിഷമുള്ള പാമ്പ് ഭീതിയിലാഴ്ത്തി. മകന്റെ മുറിയിലെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു ഉഗ്ര വിഷമുള്ള പാമ്പ്. 

കുട്ടിയുണ്ടാക്കിയ ലൈഗോ ടവറില്‍ ചുറ്റിയ നിലയിലായിരുന്നു പാമ്പ്. പാമ്പിനെ കണ്ട ഉടനെ അമ്മ പാമ്പു പിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു. വിഷമില്ലാത്ത പെരുമ്പാമ്പിന്റെ വിഭാഗത്തില്‍പ്പെട്ട ഇനമാണെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ പാമ്പു പിടുത്ത വിദഗ്ധന്‍ എത്തിയതോടെയാണ് അതീവ അപകടകാരിയായ ഈസ്റ്റേണ്‍ സ്‌നേക്കാണെന്ന് മനസ്സിലായത്.

1.7 മീറ്റര്‍ നീളമുള്ള പാമ്പിനെയാണ് മുറിയില്‍ നിന്ന് പിടികൂടിയത്. ഗാരേജ് വഴിയാകും പാമ്പ് കുട്ടിയുടെ മുറിയിലെത്തിയെന്നാണ് കരുതുന്നത്. ഗോള്‍ഡ് കോസ്റ്റ് ആന്‍ഡ് ബ്രിസ്‌ബേന്‍ സ്‌നേക്ക് ക്യാച്ചേഴയ്‌സിലെ വിദഗ്ധനാണ് പാമ്പിനെ പിടികൂടിയത്. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഒട്ടേറെ ആളുകള്‍ ഈ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം കണ്ടു കഴിഞ്ഞു.