കഴിഞ്ഞ ആഴ്ചയാണ് ടെക്നോപാര്‍ക്കിലെ ഒരു ഐടി കമ്പനി ജീവനക്കാരായ മൂന്ന് പേര്‍ കഴക്കൂട്ടം പോലീസില്‍ പരാതിയുമായെത്തിയത്. എടിഎം കാര്‍‍‍ഡ് തങ്ങളുടെ കൈയ്യിലാണെങ്കിലും തങ്ങളറിയാതെ ആരോ തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നെന്നും. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നുമായിരുന്നു പരാതി. സ്വകാര്യ ബാങ്കിന്റെ എടിഎം കാര്‍ഡില്‍ നിന്നായിരുന്നു ഇത്തരത്തില്‍ പണം നഷ്‌ടപ്പെട്ടത്. പണം പിന്‍വലിക്കുന്നത് ബാങ്ക് ജീവനക്കരാണോ എന്നുപോലും പരാതിക്കാര്‍ സംശയിച്ചു. ഒടുവില്‍ കഴക്കൂട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസ്സിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഹരിയാന സ്വദേശിയായ ടിങ്കില്‍ അറോറ ടെകോനോപാര്‍ക്കിലെ ഒരു കമ്പനിയിലെ ഐടി എഞ്ചിനീയറാണ്. ഇയാളോടൊപ്പം ജോലിചെയ്തിരുന്നവരുടെ എടിഎം കാര്‍‍‍ഡുകള്‍ രഹസ്യമായി ട്വിങ്കില്‍ അറോറ കൈക്കലാക്കും. പിന്നീട് ബാങ്കുകളിലേക്ക് വിളിച്ച് എടിഎം കാര്‍‍ഡ് പിന്‍ നമ്പര്‍ ലോക്കായെന്നും പുതിയ നമ്പര്‍ തരണമെന്നും ആവശ്യപ്പെടും. ഇങ്ങനെ നമ്പര്‍ കരസ്ഥമാക്കിയാല്‍ പിന്നെ പണം പിന്‍പലിക്കും.

ടെക്നോപാര്‍ക്കിലെ തന്നെ ജീവനക്കാരായ ആഷിഖ്, ജയദേവന്‍, രഞ്ജിത് എന്നിവരുടെ ഒന്നര ലക്ഷം രൂപയാണ് ട്വിങ്കില്‍ തട്ടിയെടുത്തത്. പ്രതി ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ രണ്ട് മാസം മുമ്പാണ് ജോലിക്കെത്തിയത്. സമാനമായ കേസില്‍ ഹരിയാനയിലും ഇയാള്‍ അന്വേഷണം നേരിട്ടിരുന്നതായി കഴക്കൂട്ടം സിഐ ബാബുരാജ് പരഞ്ഞു. പ്രതിയെ നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.