നാസികിലെ ഉള്ളിക്കർഷകനായ സഞ്ജയ് സേതാണ് ഉളളി വില കൂപ്പുകുത്തിയതിനെ തുടർന്ന് 750 കിലോ ഉള്ളിക്ക് ലഭിച്ച 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തത്. എന്നാല്‍ ആ പണം ഓൺലൈനായി അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മണിഓർഡർ തിരിച്ചയച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
മഹാരാഷ്ട്ര: കഴിഞ്ഞ ആഴ്ചയാണ് ഉള്ളിക്ക് ന്യായവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഉള്ളി വിറ്റുകിട്ടിയ തുച്ഛമായ തുക കർഷകൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. എന്നാൽ ആ തുക മണിയോർഡറായി സ്വീകരിക്കില്ലെന്നും ഓൺലൈനായി അയയ്ക്കണമെന്നും അറിയിച്ച് കർഷകന് മോദിയുടെ ഓഫീസിൽ നിന്ന് കത്ത് ലഭിച്ചു. നാസികിലെ ഉള്ളിക്കർഷകനായ സഞ്ജയ് സേതാണ് ഉളളി വില കൂപ്പുകുത്തിയതിനെ തുടർന്ന് 750 കിലോ ഉള്ളിക്ക് ലഭിച്ച 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തത്. എന്നാല്‍ ആ പണം ഓൺലൈനായി അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മണിഓർഡർ തിരിച്ചയച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
കത്ത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സഞ്ജയ് സേത്. 750 കിലോ ഉള്ളിയുമായി ചന്തയിലെത്തിയ സേതിന് കിലോയ്ക്ക് ഒരു രൂപ നാൽപത്തൊന്ന് പൈസയാണ് ലഭിച്ചത്. 750 കിലോ ഉള്ളിക്ക് ആകെ ലഭിച്ചത് 1064 രൂപ. നിരാശനായ സേത് 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു. മണിയോർഡർ അയയ്ക്കാൻ 54 രൂപയും സേതിന് ചെലവായി.
യാതൊരു വിധത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയല്ല താനിങ്ങനെ ചെയ്തതെന്ന് സജ്ഞയ് സേത് പറയുന്നു. ഉള്ളിക്കർഷകർ നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിയണമെന്നാണ് ആഗ്രഹിച്ചത്. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളിൽ സർക്കാർ പ്രകടിപ്പിക്കുന്ന ഉദാസീനതയിൽ താൻ രോഷാകുലനാണെന്നും സേത് വ്യക്തമാക്കിയിരുന്നു.
