Asianet News MalayalamAsianet News Malayalam

വിവരം ചോർത്തൽ ഉത്തരവ്; കേന്ദ്ര സര്‍ക്കാരിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

രാജ്യത്തെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

monitoring computers order supreme court consider petition today
Author
Delhi, First Published Jan 14, 2019, 6:38 AM IST

ദില്ലി: രാജ്യത്തെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാൻ വഴിയൊരുക്കുന്നതാണ് ഉത്തരവെന്ന് ചൂണ്ടികാട്ടി അഭിഭാഷകരായ മനോഹർ ലാൽ ശർമ്മ, അമിത് സാഹ്നി എന്നിവരാണ് ഹർജി നൽകിയത്. 

ജനാധിപത്യവിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്നാണ് അമിത് സാഹ്നിയുടെ ആവശ്യം. യുപിഎ സർക്കാർ കാലത്ത് കൊണ്ടുവന്ന ചട്ടപ്രകാരം ഏജൻസികളെ ചുമതലപ്പെടുത്തുകയായിരുന്നെന്നാണ് സർക്കാർ വിശദീകരണം. പത്ത് ഏജൻസികൾക്കാണ് കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്നാണ് വിമര്‍ശനം. നിലവിലെ നിയമപ്രകാരം ഒട്ടേറെ നൂലാമാലകളിലൂടെ കടന്നുപോയ ശേഷം മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ. 

എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാദം. രാജ്യസുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവിൽ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിരുന്നു. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല, അതാതുകാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ ചില ഏജൻസികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

റോ, എന്‍ ഐ എ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ( ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസാം), ദില്ലി പൊലീസ് കമ്മീഷണര്‍  എന്നീ ഏജന്‍സികള്‍ക്കാണ് ഈ സവിശേഷാധികാരം അനുവദിച്ചത്.   

 

Follow Us:
Download App:
  • android
  • ios