പാനിപ്പത്ത്: നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് ഹരിയാനയിലെ പാനിപ്പത്തിലെ വ്യാപാരികള്‍ പെട്രോള്‍ മോഷ്ടാവിനായി നിരീക്ഷണം ശക്തമാക്കിയത്. പെട്രോള്‍ ടാങ്കില്‍ നിന്ന് എൻജിനിലേക്കു പോകുന്ന വാല്‍വ് ഊരിയിട്ട നിലയിലാണ് പെട്രോള്‍ മോഷണ ശേഷം കാണുകയെന്നതും മോഷ്ടാവിനെക്കുറിച്ച് സംശയം വര്‍ദ്ധിപ്പിച്ചു. പക്ഷേ കള്ളനെ പിടികൂടിയപ്പോള്‍ കുഴപ്പത്തിലായത് നാട്ടുകാരാണ്.
വാഹന പാര്‍ക്കിങില്‍ പതിവായി കാണാറുള്ള കുരങ്ങനെ ആരും പെട്രോള്‍ മോഷണത്തിന് സംശയിക്കാന്‍ ഒരു സാധ്യതയുമില്ല. പക്ഷേ വളരെ വിദഗ്ദമായി പെട്രോള്‍ മോഷ്ടിച്ചു കൊണ്ടിരുന്നത് ഒരു കുരങ്ങനാണ്. പെട്രോള്‍ കുടിച്ച ശേഷം വാല്‍വ് തുറന്നിട്ട് പോവുന്നതായിരുന്നു ടാങ്ക് പൂര്‍ണമായി കാലിയാവുന്നതിന്റെ കാരണം.
കുരങ്ങനെ നാട്ടുകാര്‍ പിടികൂടി വനവകുപ്പിന് നല്‍കി. പഴങ്ങള്‍ കഴിക്കാന്‍ കൊടുത്തപ്പോള്‍ ബഹളമുണ്ടാക്കിയ കുരങ്ങന്‍, കുടിയ്ക്കാന്‍ പെട്രോള്‍ കൊടുത്തതോടെ അടങ്ങുകയും ചെയ്തു. അതോടെയാണ് കുരങ്ങന് പെട്രോളിനോട് ആസക്തിയുണ്ടെന്ന് സംശയം തോന്നിയത്. കുരങ്ങനെ ചികിത്സിച്ചു ഭേദമാക്കാനാകുമെന്നാണ് കരുതുന്നെന്ന് ഇതിനെ പിന്നീട് ഏറ്റെടുക്കാനെത്തിയ വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
