ബം​ഗളൂരു: കർണാടകയിലെ ശിവമോ​ഗയിൽ കുരങ്ങുപനി വ്യാപിക്കുന്നു. സാ​ഗർ താലൂക്കിൽ നിന്നുള്ള അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ശിവമോ​ഗയിൽ മാത്രം പതിനഞ്ചോളം പേരിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി പറയപ്പെടുന്നു. രണ്ടായിരത്തിലധികം പേർക്ക് പ്രതിരോധ വാക്സിൻ നൽകിയതായി ആരോ​ഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ കുരങ്ങുപനി ബാധിച്ച് രണ്ട്പേർ മരിച്ചിരുന്നു. പതിനെട്ടോളം പേരിൽ‌ ഈ രോ​ഗത്തിന്റെ സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി ​ഗ്രാമവാസികൾ രം​ഗത്ത് വന്നിട്ടുണ്ട്. ആരോ​​ഗ്യപ്രവർ‌ത്തകരുടെ അനാസ്ഥ മൂലമാണ് രോ​ഗം വ്യാപിക്കുന്നതെന്നാണ് ​ഗ്രാമവാസികളുടെ ആരോപണം.

കർണാടകത്തിലെ വന​ഗ്രാമത്തിലാണ് കുരങ്ങ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1957 ൽ ഷിമോ​ഗ ജില്ലയിലെ ക്യാസ്നോർ വനത്തിലാണ് ആദ്യം രോ​ഗം പ്രത്യക്ഷപ്പെട്ടത്. നിരവധി ​ഗ്രാമവാസികളും വന്യമൃ​ഗങ്ങളും തുടർച്ചയായി മരണപ്പെട്ടു കൊണ്ടിരുന്നു. അതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്. 

കേരളത്തിലും ഈ പനി എത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വള്ളിക്കാവിലാണ് ആദ്യമായി ഈ രോ​ഗം പ്രത്യക്ഷപ്പെട്ടത്. അമ്പലം വക സ്ഥലത്ത് ഇരുന്നൂറോളം കുരങ്ങൻമാർ‌ താമസിച്ചിരുന്നു. ഇവ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയതോടെയാണ് ആരോ​ഗ്യവകുപ്പ് കൂടുതൽ അന്വേഷണം നടത്തിയത്. രോ​ഗവാഹിയാകുന്നത് വട്ടൻ ചെള്ളുകളാണ്. ഇവയുടെ കടിയേറ്റാൽ എട്ടു ദിവസങ്ങൾക്കുള്ളിൽ രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കണ്ണിന് ചുവപ്പ് നിറം, പനി, ശക്തിയായ തലവേദന എന്നിവയാണ് രോ​ഗലക്ഷണങ്ങൾ.