Asianet News MalayalamAsianet News Malayalam

കേരളത്തില്‍ കാലവര്‍ഷം എത്തി; കനത്ത മഴ തുടരും

monsoon arrives in kerala
Author
First Published Jun 8, 2016, 7:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയിടിച്ചില്‍ സാധ്യതയുളളതിനാല്‍ ഹില്‍ സ്‌റ്റേഷനുകളിലേക്ക് പോകരുതെന്ന് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ തീരത്തുനിന്ന് കേരള തീരത്തേക്കെത്തിയ മണ്‍സൂണ്‍ മേഘങ്ങള്‍ സജീവമായി. കാലവര്‍ഷമെത്തിയതിന്റെ ലക്ഷണങ്ങളെല്ലാം ഒത്തുവന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. വരുന്ന ഞായറാഴ്ച വരെ കനത്ത മഴ തുടരും. 12 മുതല്‍ 20 സെന്റീമിറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കാറ്റിന് ശക്തി കൂടുന്നതോടെ കാലവര്‍ഷവും കനക്കും. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്ത് പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

ശക്തമായ മഴയില്‍ ഇടുക്കി വാഴവരക്കു സമീപം വീടിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.  എസ്എഫ്‌ഐ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ജോബി ജോണിയാണ് മരിച്ചത്. കോട്ടയത്ത് താഴത്തങ്ങാടിയില്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കെട്ടിടം തകര്‍ന്നു വീണു. അപകടത്തിന് നിമിഷങ്ങള്‍ മുന്‍പ് കുട്ടികളെ മാറ്റിയതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്. കൊട്ടാരക്കര എം സി റോഡില്‍ വെളളംകയറി ഗതാഗതക്കുരുക്ക് രൂക്ഷമായി. മലയിടിച്ചിലിന് സാധ്യതയുളളതിനാല്‍ പൊന്‍മുടി അടക്കമുളള സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം പെരുമാതുറയുള്‍പ്പെടെ തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios