ഫെസ്റ്റിവലിന് ലോകത്തിന്‍റെ നാനഭാഗത്ത് നിന്ന് അനേകം സന്ദര്‍ശകരെത്തും

സലാല: മേകുനു ചുഴലിക്കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളില്‍ പതറാതെ സലാല മണ്‍സൂണ്‍ മേളയുടെ (ഖാരീഫ് ഫെസ്റ്റിവെല്‍) ഭാഗമായ ടൂറിസം ഫെസ്റ്റിവലിന് ഒമാന്‍ തയ്യാറെടുക്കുന്നു. ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണം ഫെസ്റ്റിവലിനായി അതിവേഗം പൂര്‍ത്തിയാക്കി വരികയാണ്. 

ജൂലൈ 10 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന് ലോകത്തിന്‍റെ നാനഭാഗത്ത് നിന്ന് അനേകം സന്ദര്‍ശകരെത്തും. മേയ് മാസം അവസാനം വീശിയടിച്ച ചുഴലിക്കാറ്റ് വഴിവളക്കുകളും സംരക്ഷണ വേലികളും ട്രാഫിക്ക് ബോര്‍ഡുകളും ഉള്‍പ്പെടെയുളളവ തകര്‍ത്തെറിഞ്ഞിരുന്നു. ഇപ്പോള്‍ ഇവയെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ പുനര്‍ നിര്‍മ്മിച്ചുവരുകയാണ്.

ഒമാന്‍റെ പൈത‍ൃകത്തനിമ വിളച്ചോതുന്ന ഉത്സവമാണ് സലാല ടൂറിസം ഫെസ്റ്റിവല്‍. സലാലയിലെ മലയോര മേഖലകള്‍, പൈതൃക കേന്ദ്രങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവല്ലിന്‍റെ ഭാഗമാണ്. ഒമാന്‍റെ പരമ്പരാഗത രുചി വൈവിധ്യവും ആഘോഷത്തിന്‍റെ ഭാഗമായി നുകരാവുന്നതാണ്. ഫെസ്റ്റിവല്ലിനോടനുബന്ധിച്ച് എയറോബാറ്റിക്, അക്രോബാറ്റിക് ഷോ, കുതിര - ഒട്ടക സവാരി എന്നിവയുണ്ടാവും. മേകുനു വലിയ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും സലാലയുടെ മലനിരകള്‍ നേരത്തെ പച്ചപുതച്ചത് ആഘോഷത്തിന്‍റെ അഴക് വര്‍ദ്ധിപ്പിക്കും.