മുംബൈ: പ്രധാന പൈലറ്റിന് മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത 200 ഓളം യാത്രക്കാരും ജീവനക്കാരും ജീവനും കയ്യില്‍പ്പിടിച്ച് മുള്‍മുനയിലായത് മണിക്കൂറുകളോളം. കഴിഞ്ഞ ഏപ്രില്‍ 28ന് ദില്ലിയില്‍ നിന്നും പാരീസിലേക്ക് പറന്ന ഏയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തിലാണ് സംഭവം. 

സംഭവത്തില്‍ ഏയര്‍ഇന്ത്യ രഹസ്യമായി നടത്തിയ അന്വേഷണ വിവരങ്ങളാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിന് ഉത്തരവാദിയായ പൈലറ്റിനെ സൈക്യര്‍ട്ടിക്ക് പരിശോധനയ്ക്ക് വിധേയനാക്കാനും, പിന്നീട് ഇതിന്‍റെ അടിസ്ഥാനത്തില്‍ 6 മാസം കോപൈലറ്റ് ആക്കുവാനുമാണ് അന്വേഷണ കമ്മീഷന്‍ നിരീക്ഷണം. ഇയാളെ ഇപ്പോള്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെ കേസ് ഒന്നുകൂടി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ഏയര്‍ ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു കാരണവും ഇല്ലാതെ ഏപ്രില്‍ 28ന് ഇയാള്‍ അനുവദനീയമാതിലും ഉയരത്തില്‍ പെട്ടന്ന് വിമാനം പറത്തുകയായിരുന്നു. കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലാണ് അന്ന് വന്‍ അപകടം ഒഴിവാക്കിയത്. പുതിയ അന്വേഷണം പൈലറ്റിനെ രക്ഷിക്കാനാണെന്ന് ശക്തമായ ആരോപണം ഉയരുന്നുണ്ട്.

ഇത്തരത്തില്‍ 2015ല്‍ ജര്‍മ്മന്‍ വിമാന കമ്പനിയുടെ പൈലറ്റിന്‍റെ ദുരൂഹപെരുമാറ്റം മൂലം ആല്‍പ്സില്‍ ഒരു വിമാനം തകര്‍ന്ന് 150 പേര്‍ മരിച്ചിരുന്നു.