കൊട്ടാരക്കര: കൊല്ലം ചിതറയില്‍ സദാചാര ഗുണ്ടകളുടെ അതിക്രമം. ചിതറ സ്വദേശിയായ സ്ത്രീയെ രണ്ട് മണിക്കൂറിലേറെ മരത്തില്‍ കെട്ടിയിട്ട് സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അക്രമികളുടെ പേര് സഹിതം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഈ മാസം 12ന് രാത്രിയാണ് ഒരു സംഘമാള്‍ക്കാര്‍ ചിതറ സ്വദേശിയായ സ്ത്രീയുടെ വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തെത്തിയ ശേഷം തറയിലൂടെ വലിച്ചിഴച്ച് രണ്ട് മണിക്കൂറിലേറെ മരത്തില്‍ കെട്ടിയിട്ടത്. 43 കാരിയായ സ്ത്രീയുടെ മകന്റെ സുഹൃത്ത് വീട്ടിലുണ്ടായിരുന്നതാണ് സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചത്. ഇരുവരെയും മരത്തില്‍ കെട്ടിയിട്ട ശേഷം മര്‍ദിച്ച് അവശരാക്കി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് അക്രമികളുടെ പേര് സഹിതം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. ഏകമകന്‍ ജോലിയുടെ ഭാഗമായി ദൂരെയാണ് താമസം. വനിതാകമ്മിഷനും മനുഷ്യാവകാശ കമ്മിഷനുമൊക്കെ പരാതി നല്‍കിയിട്ടും ഫലമില്ല.