അമ്മ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ശ്രിജിത്ത് ഒറ്റക്കാണ് താമസിക്കുന്നത്

കൊട്ടാരക്കര: സദാചാര പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായ യുവാവിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. കോട്ടാത്തല സ്വദേശി ശ്രീജിത്താണ് മരിച്ചത്. കഴിഞ്ഞ ഞാറാഴ്ച ശ്രീജിത്തിനെയും സുഹൃത്തായ പെണ്‍കുട്ടിയേയും ഒരു സംഘമാളുകള്‍ ഇയാളുടെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു.

ആരുമില്ലാത്ത വീട്ടില്‍ പെണ്‍കുട്ടിയെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. പൊലീസെത്തിയാണ് ശ്രീജിത്തിനെയും പെണ്‍കുട്ടിയേയും രക്ഷിച്ചത്.പിന്നീട് പെണ്‍കുട്ടിയുടെ സ്വന്തം വീട്ടിലേക്ക് പൊലീസ് വിട്ടു. ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് രണ്ട് ദിവസം ശ്രീജിത്തിനെക്കുറിച്ച് യാതൊരു വിവരം ഉണ്ടായിരുന്നില്ല.

ഇന്ന് പുലര്‍ച്ചെ നെടുവത്തൂരിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ശ്രിജിത്ത് ഒറ്റക്കാണ് താമസിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് ചോദ്യം ചെയ്തു.