കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വീണ്ടും സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. ബന്ധുവായ യുവതിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നയാളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ചതായാണ് പരാതി. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു. മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കരിപ്പൂരില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം താമരശ്ശേരിക്ക് വരികയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദിനെയാണ് സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്.

നോര്‍ത്ത് കാരശ്ശേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ബന്ധുവായ യുവതിയെയും സുഹൃത്തുക്കളെയും യാത്രക്കിടെ കണ്ടുമുട്ടുകയും കാറ് നിര്‍ത്ത് റോഡരികില്‍ നിന്ന് സംസാരിക്കുകയുമായിരുന്നു.ഇതിനിടെ കറുത്തപറമ്പ് സ്വദേശിയുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ധിച്ചുവെന്നാണ് മുഹമ്മദ് പറയുന്നത്.

ആക്രമണത്തില്‍ ചെവിക്കും നെഞ്ചിലും സാരമായി പരുക്കേറ്റ മുഹമ്മദിനെ മുക്കം സി എച്ച് സി യില്‍ പ്രവേശിപ്പിച്ചു. ആക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി.