ഗുവാഹത്തി: സുഹൃത്തിനൊപ്പം ആശുപത്രിയിലേയ്ക്ക് പോയ യുവതിയ്ക്ക് പട്ടാപ്പകല്‍ സദാചാര പൊലീസിന്റെ കൈയ്യില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂര പീഡനം. ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് മുടിയില്‍ പിടിച്ച് താഴെ ഇറക്കിയ സംഘം, നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി മറ്റൊരു പുരുഷനൊപ്പം പോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 

വയറിന് ചവിട്ടും തൊഴിയുമേറ്റ് പെണ്‍കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എട്ടുപേരോളം അടങ്ങുന്ന സംഘമായിരുന്നു അക്രമത്തിന് പിന്നില്‍. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനും സംഘത്തിന്റെ മര്‍ദ്ദനമേറ്റു. യുവതിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

ആസാമിലെ ഗോലാപുര ജില്ലയിലാണ് അക്രമണം നടന്നത്. ഗാരോ സമുദായാംഗമായ യുവതി മുസ്ലിം യുവാവിനൊപ്പം കണ്ടതാണ് ഒരു സംഘം മദ്യപരെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.