വ്യാഴാഴ്ച ഉച്ചയോടെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപമാണ് പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടകളുടെ അക്രമം ഉണ്ടായത്. 

കാസർകോട്: ആണ്‍സുഹൃത്തിനൊപ്പം കണ്ട പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പെരിയ മൊയോലത്തെ രാധാകൃഷ്ണന്‍(43), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖില്‍(21), ശ്രീരാഗ്(20), സുജിത്ത്(29), സുമിത്ത്(24), അജയ് ജിഷ്ണു(19) എന്നിവരെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപമാണ് പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടകളുടെ അക്രമം ഉണ്ടായത്. 

ഒരു സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും പെരിയയിലെ സുഹൃത്തുമാണ് സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് കണ്ട് അതുവഴി പോവുകയായിരുന്ന സംഘം യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പെൺകുട്ടി എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായി.

പെണ്‍കുട്ടിയെയും യുവാവിനെയും ഒപ്പം നിര്‍ത്തി വീഡിയോ എടുക്കാനും സംഘം ശ്രമിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണ് സദാചാര ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിടിയിലായ എട്ട് പേരെയും വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.