സദാചാര പൊലീസിങ്:  പ്രതികളെ പൊലീസ് സഹായിക്കുന്നതായി പരാതി

First Published 10, Mar 2018, 1:03 AM IST
Moral policing malappuram ponnani
Highlights
  • സദാചാര പൊലീസിങ്:  പ്രതികളെ പൊലീസ് സഹായിക്കുന്നതായി പരാതി

പൊന്നാനി: സദാചാര പൊലീസ് ചമഞ്ഞ് വീട്ടില്‍ കയറി സ്ത്രീകളെ അപമാനിച്ച കേസിലെ  പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന് പരാതി. മലപ്പുറം എടപ്പാള്‍ മാണൂരിലെ വീട്ടമ്മയും മക്കളുമാണ് പൊന്നാനി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സമീപത്തെ മദ്രസ അദ്ധ്യാപകൻ വൈകന്നേരം നാല് മണിക്ക് വീട്ടിലെത്തിയപ്പോള്‍ അയല്‍വാസികളായ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിച്ചെന്നാണ് വീട്ടമ്മയുടേയും മക്കളുടേയും പരാതി. അനാശാസ്യമാണ് നടക്കുന്നതെന്നാരോപിച്ചായിരുന്നു അപമാനിക്കാൻ ശ്രമിച്ചത്.ആ സമയം വീട്ടമ്മക്കൊപ്പം മകളും മരുമകളും വീട്ടിലുണ്ടായിരുന്നു.

വീട്ടമ്മ ഒറ്റക്കാണെന്ന ധാരണയിലാണ് സംഘം സദാചാരപൊലീസ് ചമഞ്ഞ് വീട്ടിലേക്ക് കയറിയത്. വ്യക്തി വിരോധത്തിന്‍റെ പേരില്‍ മദ്രസ അധ്യാപകനെ അപമാനിക്കാനുള്ള ശ്രമത്തില്‍ തങ്ങളും ഇരകളാവുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ജനുവരി ഒന്നിന് നടന്ന സംഭവത്തില്‍ അയല്‍വാസികളായ സൈതലവി ഹാജി, സലീം ഹാജി എന്നിവരടക്കമുള്ള പത്ത് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ്  നടപടി സ്വീകരിക്കുന്നില്ലെന്ന് കുടുംബം പരാതിപെട്ടു.

എന്നാല്‍ പരാതി കിട്ടിയ ഉടൻ തന്നെ പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നുവെന്ന് പൊന്നാനി പൊലീസ് അറിയിച്ചു. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകിയത്. കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയെതെന്നും പൊലീസ് പറ‍ഞ്ഞു.

loader