യൂണിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശിയായ ജിജീഷ് ഇന്നലെ കോളജിലെത്തിയത്. നാടകോത്സവം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിന് പുറത്തുള്ള എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്‌ഐയുടെ മുന്‍ കോളജ് യൂണിറ്റ് സെക്രട്ടറി തസ്ലിം, പ്രവര്‍ത്തകരായ സുജിത്, രതീഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. 

മറ്റുള്ളവര്‍ കണ്ടാലറിയാവുന്ന 10 പേരെന്നാണ് ജിജേഷിന്റെ മൊഴി. പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവാവ് അടുത്തിരുന്നുവെന്നുവെന്ന കാരണത്താല്‍ എസ്എഫ്‌ഐക്കാര്‍ സദാചാര ഗുണ്ടായിസം കണിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. 

എന്നാല്‍ ആരോപണങ്ങള്‍ എസ്എഫ്‌ഐയും ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയും നിഷേധിച്ചു. മോശം സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞപ്പോള്‍ കേട്ടുനിന്ന മറ്റ് കുട്ടികള്‍ ഇടപെട്ടൂവെന്നാണ് ദൃക്‌സാക്ഷിയായ കുട്ടിയുടെ വിശദീകരണം. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസിലും പരാതി നല്‍കും. ഇതിനിടെ സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് എസ് എഫ്‌ഐ നേതൃത്വവും അറിയിച്ചു .