കോഴിക്കോട്: നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാനുള്ള ഇടമല്ലിത്, മടിയില്‍ കിടന്ന് 'മറ്റേപ്പണി' ചെയ്യണമെങ്കില്‍ വേറെ സ്ഥലം നോക്കണം... പട്ടാപ്പകല്‍ കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ ടിക്കറ്റെടുത്ത് കയറി,

കോഴിക്കോട്: നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാനുള്ള ഇടമല്ലിത്, മടിയില്‍ കിടന്ന് 'മറ്റേപ്പണി' ചെയ്യണമെങ്കില്‍ വേറെ സ്ഥലം നോക്കണം... പട്ടാപ്പകല്‍ കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ ടിക്കറ്റെടുത്ത് കയറി, ഇരിക്കുകയായിരുന്ന രണ്ട് പേരോട് പാര്‍ക്ക് അധികൃതര്‍ പറഞ്ഞ വാക്കുകളാണിത്. 

സന്ദര്‍ശകരുടെ മുന്നില്‍ വച്ച് ഒപ്പം വന്ന പെണ്‍ സുഹൃത്തിന്റെ മടിയില്‍ കിടന്നു എന്നതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. സദാചാര പൊലിസിങ്ങിനിരയായ മലപ്പുറം സ്വദേശി ഫഹീം ഫേസ്ബുക്ക് ലൈവ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നേരത്തെ പറഞ്ഞ ഡയലോഗുകള്‍ മാത്രമല്ല ഒരു വാര്‍ത്തയില്‍ എഴുതാന്‍ 'സദാചാരം' അനുവദിക്കാത്ത വാക്കുകളും സദാചാര വാദിയായ ഒരു സ്ത്രീയുടെ വായില്‍ നിന്ന് പുറത്തുവന്നു. 

കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ പ്രൊജക്ടിന്റെ ആവശ്യത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികളായ മലപ്പുറം സ്വദേശി ഫഹീമും വയനാട് സ്വദേശി അഞ്ജിതയും. ഇരുവരും പാര്‍ക്കില്‍ ടിക്കറ്റെടുത്ത് കയറി ഇരിക്കാന്‍ സജ്ജീകരിച്ച സ്ഥലത്ത് ഇരിക്കുകയായിരുന്നു. അഞ്ജിതയുടെ മടിയില്‍ ചാരിയിരിക്കുകയായിരുന്ന ഫഹീമിനോട് ഇതിവിടെ പറ്റില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി എത്തി. 

തുടര്‍ന്ന് മൂന്നോളം സ്ത്രീകളും പാര്‍ക്ക് മാനേജരെന്ന് പരിചയപ്പെടുത്തിയ ഒരാളും എത്തി. ഇങ്ങനെ കിടക്കുന്നത് ഇവിടെ ശരിയാകില്ലെന്നും ഇവിടെ ഈ പരിപാടി നടക്കില്ലെന്നും അവര്‍ പറഞ്ഞു കൊണ്ടിരുന്നു. അതേസമയം സംഭവങ്ങളെല്ലാം ഫഹീം ഫേസ്ബുക്കില്‍ ലൈവ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ എന്താണ് സംഭവിക്കുകയെന്നും ഞങ്ങള്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടെന്നും ഇരുവരും സദാചാര വാദികളായി എത്തിയവരോട് പറഞ്ഞു. 

ഫഹീം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ...

എന്നാല്‍ പത്ത് മിനിട്ടോളം ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടും സെക്യൂരിറ്റി ജീവനക്കാരടക്കം ഇവരെ പൊതിഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ വിളിക്കുകയോ ഞങ്ങളുടെ വീട്ടുകാരെ അറിയിക്കുകയോ ചെയ്യാമെന്ന് ഫഹീമും അഞ്ജിതയും പറഞ്ഞു. ഇതൊന്നും ചെവികൊള്ളാതെ വളരെ മോശമായ രീതിയില്‍ ജീവനക്കാരിയായ സ്ത്രീ സംസാരിക്കുന്നതടക്കം ഫേസ്ബുക്ക് ലൈവിലുള്ള വീഡിയോയിലുണ്ട്. 

ഇരുവര്‍ക്കും നേരെ ഉണ്ടായ സദാചാര ആക്രമണത്തെ കുറിച്ച് സംഭവത്തിന് ശേഷം ഫഹീം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ അഞ്ജിതയ്ക്ക് നന്ദി പറയുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നോടൊപ്പം ഉറച്ചു നിന്നതിനാലാണ് സദാചാര വാദികളെ പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്നും ഫഹീമിന്റെ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ ഇരുവരും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്മാറാന്‍ തയ്യാറാകാത്തതോടെ പെരാതി സ്വീകരിച്ച് നാളെ കാര്യങ്ങള്‍ അറിയിക്കാമെന്ന് വ്യക്തമാക്കി. 

തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ ഫഹീം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും അഞ്ജിത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ്. എഞ്ചിനിയറങ് കോളജുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ആവശ്യത്തിനാണ് കോഴിക്കോടെത്തിയത് പരാതിയില്‍ ഒത്തുതീര്‍പ്പാക്കാനാണ് നാളെ പൊലീസ് വിളിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ അതിന് ഞങ്ങള്‍ തയ്യാറല്ലെന്നും, അവിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും, ഇത് തടയാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.