കോട്ടയം: നാട്ടകം ഗവ. കോളജില്‍ എസ്എഫ്‌ഐ നടത്തിയത് സദാചാര ഗുണ്ടായിസം തന്നെയെന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍. ഇതാദ്യമായല്ല തങ്ങള്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിയുന്നതെന്നും ദലിത് തീവ്രവാദികള്‍ എന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ ജാതീയമായി അധിക്ഷേപം വരെ ഇതിന് മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ടെന്നും മര്‍ദ്ദനത്തിനിരയായ ആരതി,അത്മജ എന്നിവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാമ്പസില്‍ സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്ന പ്രചാരണത്തിനിടെയാണ് ഇവര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. 

നാട്ടകം ഗവ കോളേജിലെ അവസാന വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളായ ആരതി, അത്മജ എന്നിവര്‍ക്കാണ് ഒകേ്‌ടോബര്‍ 30 ന് കാമ്പസില്‍ വെച്ച് മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ആരതിയെയും അത്മജയെയും നവംബര്‍ ഒന്നിനാണ് ഡിസ്ചാര്‍ജ് ചെയ്തത്.

പ്രൊജക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ക്യാംപസില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്ന് ആതമജയും ആരതിയും പരാതിയില്‍ പറയുന്നു. ഇവരുടെ സീനിയറും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയും ആയ പെണ്‍കുട്ടി തന്റെ ആണ്‍സുഹൃത്തിനൊപ്പം കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാന്‍ കോളേജില്‍ എത്തിയിരുന്നു. ഇവരോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോളാണ് ബൈക്കിലെത്തിയ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ ഈ ആണ്‍സുഹൃത്തിനെതിരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 'ഇവളുമാരോട് ഒക്കെ സംസാരിക്കാന്‍ നീയാരാണ്' എന്ന് ചോദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്ത തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. മര്‍ദ്ദിക്കുന്നത് കണ്ടുവെങ്കിലും ക്യാംപസില്‍ നിന്ന് ആരും തടയാന്‍ മുന്നോട്ട് വന്നില്ലെന്നും ക്യാംപസിന് പുറത്ത് നിന്നുള്ള ആള്‍ക്കാരാണ് തങ്ങളെ രക്ഷിക്കാന്‍ എത്തിയതെന്നും ഇവര്‍ പറയുന്നു.

അ്രകമണത്തെ തുടര്‍ന്ന് ദലിത് പീഡനത്തിനും ശാരീരിക അതിക്രമത്തിനും ചിങ്ങവനം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തങ്ങളെ മര്‍ദ്ദിച്ചവരെ സസ്‌പെന്‍ഡ് ചെയ്യുക എന്നതാണ് പെണ്‍കുട്ടികളുടെ നിലവിലെ ആവശ്യം. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. മര്‍ദ്ദനത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.'നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം, എന്നാല്‍ കോളേജിന്റെ സല്‍പ്പേരിനെ കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥിനികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എസ്എഫ്‌ഐയെ ഭയന്ന് തങ്ങളെ അനുകൂലിച്ച് ക്യാംപസില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി പോലും മുന്നോട്ട് വരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. എസ്എഫ്‌ഐ ഭീഷണി മൂലം നവംബര്‍ ഒന്നിന് കോളേജിന് പുറത്ത് വച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ക്യാംപസില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.

തങ്ങള്‍ക്ക് നേരെ ബോധപൂര്‍വ്വമായ അപവാദപ്രചാരണം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്നതായും തങ്ങള്‍ കോളേജിന്റെ സല്‍പ്പേര് കളയുന്നവരാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ കോളേജില്‍ രൂപികരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന പേരില്‍ പല കള്ള പ്രചരണങ്ങളും തങ്ങളുടെ നേര്‍ക്ക് അഴിച്ച് വിട്ടിട്ടുണ്ടെന്ന് ആരതി ആരോപിക്കുന്നു. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ക്യംപസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിയുന്നില്ലെന്നും ആരതി പറഞ്ഞു.

ജൂണ്‍ 30 ന് തങ്ങളുടെ ക്ലാസില്‍ നിന്നും ചില വിദ്യാര്‍ത്ഥികളെ ഇറക്കികൊണ്ട് പോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇവര്‍ക്കെതിരെ ക്യാംപസില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയിരുന്നു എന്നും തുടര്‍ന്ന് നിലവിലെ യൂണിറ്റ് സെക്രട്ടറിയായ ജെയ്ന്‍ രാജ്, അഖില്‍ ചന്തു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ വീട്ടില്‍ വിളിച്ച് തങ്ങളെ മോശമായി ചിത്രീകരിച്ചതായും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ക്യാംപസില്‍ ഇത്തരത്തില്‍ എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്നും ക്യംപസിന് പുറത്ത് നിന്ന് ആരും ക്യാംപസില്‍ പ്രവേശിക്കണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു.