കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം എല്ലാ പ്രളയബാധിതർക്കും ബാങ്കുകള്‍ നല്‍കുന്നില്ല.  മൂന്ന് മാസത്തിന് മേല്‍ വായ്പ കുടിശ്ശികയുള്ളവര്‍ക്ക്  ആനുകൂല്യം നല്‍കേണ്ടതില്ലെന്ന  സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തെ തുടർന്നാണ് നടപടി.  ഇതോടെ സര്‍ഫാസി കുരുക്കില്‍ പെട്ട  പ്രളയബാധിതരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. 

മാനന്തവാടി കമ്മനത്തെ കര്‍ഷക ദമ്പതികളായ വര്‍ഗീസും ലീലയും അധ്വാനിച്ചുണ്ടാക്കിയത് മുഴുവന്‍ പ്രളയം കൊണ്ടുപോയി. രണ്ടേക്കര്‍ കൃഷിഭൂമി പണയപ്പെടുത്തി മാനന്തവാടി ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി സര്‍ഫാസിയില്‍ കുരുങ്ങി. 

വായ്പകള്‍ക്ക്  സര്‍ക്കാര്‍  ഒരുവര്‍ഷത്ത മൊറട്ടോറിയം പ്രഖ്യാപിച്ചത് ആശ്വാസമാകുമെന്ന് ഇവര്‍ കരുതി. എന്നാല്‍ കഴിഞ്ഞ മാസം  23 ന് വസ്തുവകകള്‍ ഏറ്റെടുത്തതായ നോട്ടീസ് നല്‍കിയ വയനാട് ജില്ലസഹകരണബാങ്ക് എത്രയും വേഗം വീടൊഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

കര്‍ഷകനായ ചാക്കോയുടെ ജീവിതവും പ്രതിസന്ധിയിലാണ്.  കാര്‍ഷികാവശ്യത്തിനെടുത്ത മൂന്ന് ലക്ഷം രൂപയുടെ വായ്പ  തിരിച്ചടവ് മുടങ്ങി 12 ലക്ഷത്തോളമായി. മൊറട്ടോറിയം നിലനില്‍ക്കേ കഴിഞ്ഞമാസം 28ന് എസ്ബിഐ മാനന്തവാടി ശാഖയില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടി. സര്‍ഫാസി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് സര്‍ക്കാരില്‍ നിന്ന് കിട്ടിയത്. 

കഴിഞ്ഞ ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പ്രളയബാധിതരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.  പ്രളയബാധിത വില്ലേജുകളില്‍ സ്ഥിരതാമസമുള്ള  കടബാധിതര്‍ക്ക്  ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം തള്ളിയാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി മൊറട്ടോറിയത്തിന്‍റെ  മാനദണ്ഡം നിശ്ചയിച്ചത്. 

തൊണ്ണൂറ് ദിവസത്തിന് മേല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക്  മൊറട്ടോറിയം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതായത് തൊണ്ണൂറ് ദിവസത്തിന് മേല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ സര്‍ഫാസി കുരുക്കില്‍ പെട്ടവരാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിധം ആനുകൂല്യം അനുവദിച്ചാല്‍ ബാങ്കുകള്‍ക്ക്  കൂടുതല്‍ ബാധ്യതയാകുമെന്നാണ്  വിലയിരുത്തല്‍. 

ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ ജി കെ മായ വ്യക്തമാക്കി. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്‍റെ  പ്രതികരണം. പ്രളയബാധിതർക്കുള്ള സഹായധന വിതരണം അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് മൊറട്ടോറിയത്തിലും വെള്ളം ചേർത്തിരിക്കുന്നത്.