അതേ സമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി.

കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് പേരിലുള്ള സംഘമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ഭൂട്ടാനിലെ ആർമി മുൻ ഉദ്യോഗസ്ഥനെ ഇടനിലക്കാരൻ ആക്കിയാണ് വ്യാജ എൻഒസി ഉപയോഗിച്ചുള്ള അനധികൃത കടത്ത് എന്നാണ് കണ്ടെത്തൽ. വിദേശ അക്കൗണ്ടുകളുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനായി പിടിച്ചെടുത്ത രേഖകളുടെ ഫോറൻസിക് പരിശോധന തുടരുകയാണ്.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷൈൻ മോട്ടോർസിന്റെ ഉടമസ്ഥരായ സതിക് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്ത് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് ഇഡി കണ്ടെത്തൽ. ഇവരുടെ മൊഴി ഇഡി രേഖപ്പെടുത്തി. ഭൂട്ടാനിൽ നിന്ന് 16 വാഹനങ്ങൾ വാങ്ങിയതായി കോയമ്പത്തൂർ സംഘം സമ്മതിച്ചിട്ടുണ്ട്. 2023–24 കാലയളവിൽ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനായ ഷാ കിൻലി ആയിരുന്നു ഇടനിലക്കാരൻ. വാഹനങ്ങൾ ഇന്തോ-ഭൂട്ടാൻ അതിർത്തിയിലെത്തിച്ച് കാർ കാരിയറുകളിൽ കയറ്റി, കസ്റ്റംസ് ക്ലിയറൻസ് ഇല്ലാതെ കൊൽക്കത്ത, ഭുവനേശ്വർ, ചെന്നൈ വഴിയാണ് കോയമ്പത്തൂരിലെത്തിച്ചത്. 

ഇറക്കുമതി തീരുവ അടച്ചില്ല. വാഹനങ്ങൾ പൊളിച്ചുമാറ്റി കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സ്പെയർ പാർട്‌സായി വിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ സ്ഥാപനത്തിന് ഇറക്കുമതി-കയറ്റുമതി കോഡ് ഇല്ലായിരുന്നു. നിയമപരമായ ഇൻവോയ്‌സുകളുമില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യാജ എൻ‌ഒ‌സികൾ,ഭൂട്ടാൻ ബന്ധം സ്ഥിരീകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ബാങ്ക് വിശദാംശങ്ങൾ, വാങ്ങുന്നവരുടെ പട്ടികയും കണ്ടെത്തി.

അനധികൃത വിദേശനാണ്യ ഇടപാടുകളും വിദേശ ആസ്തികൾ സമ്പാദിച്ചത് വഴിയും ഫെമയുടെ സെക്ഷൻ 3, 4, 8 എന്നിവയുടെ ലംഘനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ അക്കൗണ്ടുകളുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനായി പിടിച്ചെടുത്ത രേഖകൾ ഫോറൻസിക് വിശകലനം ചെയ്തുവരികയാണ്. പരിശോധനയ്ക്കും കൂടുതൽ നിയമനടപടികൾക്കുമായി കസ്റ്റംസ്, സംസ്ഥാന ആർ‌ടി‌ഒകൾ, മറ്റ് ഏജൻസികൾ എന്നിവയുമായും ഇഡി അന്വേഷണം ഏകോപിപ്പിക്കുന്നു.

റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുകയാണ് ഇഡി സംഘം. വാഹന ഇടപാടുകളിൽ ഉൾപ്പെട്ട പൃഥിരാജ്,ദുൽഖർ സൽമാൻ,അമിത് ചക്കാലയ്ക്കൽ എന്നിവരുടെ ബാങ്ക് ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്. രേഖകളുടെ പരിശോധനയ്ക്ക് ശേഷം മൂന്നുപേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും. അതേസമയം ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി മൂന്നു വാഹനങ്ങൾ കൂടി കസ്റ്റംസ് പ്രിവന്‍റീവ് പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം നടൻ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നത്. കൊച്ചിയിൽ ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു എന്ന് കസ്റ്റംസ് പ്രിവന്‍റീവ് വൃത്തങ്ങൾ വ്യക്തമാക്കി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്