ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാന്‍ തയാറെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി. ഇതനുസരിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും. സംസ്ഥാനത്ത് ആഭ്യന്തര സര്‍വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണിക്കാമെന്നും എയര്‍ലൈന്‍ കമ്പനികള്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഉത്സവ സീസണുകളില്‍ പ്രത്യേകിച്ച് ഓണത്തിന് കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് വന്‍ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാന്‍ തയാറാണെന്ന് കേന്ദ്രം ഉറപ്പു നല്‍കി. ഇക്കാര്യം വിമാനക്കമ്പനികള്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടതുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ കൂട്ടാമെന്ന് കമ്പനികള്‍ അറിയിച്ചു. വിമാന ഇന്ധനത്തിന്‍റെ നികുതി 29 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാനം ഉറപ്പു നല്‍കി. ഗോ എയര്‍, ജെറ്റ്, എന്നിവയ്ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ അനുമതിയായിട്ടുണ്ട്. ഇന്‍ഡിഗോ, എമിറേറ്റ്സ് എന്നിവ താല്‍പര്യം അറിയിച്ച് എത്തിയിട്ടുണ്ട്.