കന്യാസ്ത്രീയെ പിന്തുണച്ചതിന് മറ്റൊരു കന്യാസ്ത്രീക്ക് നേരെ ജലന്ധര്‍ ബിഷപ്പിന്‍റെ പ്രതികാരം
കോട്ടയം: ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന് ജലന്ദർ കത്തോലിക്ക ബിഷപ്പ് മകളെ മാനസികമായി പീഡിപ്പിച്ചെന്ന് ആലപ്പുഴ മുഹമ്മ സ്വദേശിയായ കന്യാസ്ത്രീയുടെ കുടുംബം. രോഗബാധിതയായ മകളുടെ ചികിത്സ വൈകിപ്പിച്ചും, ഉപരിപഠനം മുടക്കിയുമാണ് ബിഷപ്പ് പകരം വീട്ടിയത്. പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പരാതി അവഗണച്ചെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്തതെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീക്കൊപ്പം ജലന്ദറിലും കുറവിലങ്ങാടുമുണ്ടായിരുന്നു സിസ്റ്റർ നീനു റോസ്. കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോയതോടെ അവരെ പിന്തുണക്കുന്നവരോടായി പ്രതികാര നടപടി.കുറവിലങ്ങാട്ടെ മഠത്തിലേക്ക് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്ക് പകരമെത്തിയ മദർ സുപ്പീരിയർ വഴി ബിഷപ്പ് ക്രൂരമായ നടപടികൾ സിസ്റ്റർ നീനു റോസിനെതിരെ നടപ്പാക്കിയെന്ന് കുടുംബം പറയുന്നു.
ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സ ആവശ്യമായിരുന്നു സിസ്റ്റർ നീനു റോസിന്. എന്നാൽ ആ സമയത്ത് പോലും കുറവിലങ്ങാട് നിന്നും കണ്ണൂരിലേക്ക് സ്ഥലം മാറ്റി. രോഗകാര്യങ്ങൾ അറിയിച്ചപ്പോഴും വഴങ്ങിയില്ല. കുറവിലങ്ങാട്ടെ മഠത്തിലാണ് സിസ്റ്റർ നീനു റോസ് ഇപ്പോൾ. മകളുടെ സുരക്ഷിതത്വത്തിൽ കുടുംബത്തിന് ആശങ്കയുണ്ട്
സിസ്റ്റർ നീനു റോസ് നേരിട്ട് പരാതി നൽകിയപ്പോൾ നടപടി ഉറപ്പ് നൽകിയ കർദിനാളും ഒടുവിൽ കൈയ്യൊഴിഞ്ഞു. നേരത്തെ തുറവൂർ സ്വദേശി വർഗീസും മകൾ സിസ്റ്റർ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വധഭീഷണി നടത്തിയെന്ന് ആരോപിച്ചിരുന്നു. ഈ പരാതിയിലും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നടപടികളൊന്നും എടുത്തിരുന്നില്ല.
