ഒന്നര വര്‍ഷത്തിനിടെ ആര്‍സിസിയിൽ രക്തം നല്‍കിയവരിൽ എച്ച്ഐവി കണ്ടെത്തിയത് 40 പേര്‍ക്ക്  ഗുരുതര പകർച്ച വ്യാധികള്‍ കണ്ടെത്തിയത് 22പേര്‍ക്ക്  രോഗബാധ കണ്ടെത്തിയാലും എല്ലാ ദാതാക്കളെയും അറിയിക്കില്ല ആരോപണം നിഷേധിച്ച് ആര്‍സിസി

തിരുവനന്തപുരം: രക്ത പരിശോധനയിൽ എച്ച്ഐവി അടക്കം ഗുരുതര രോഗങ്ങള്‍ കണ്ടെത്തിയാലും രക്തം നല്‍കുന്നവരെ ആര്‍സിസി കൃത്യമായ വിവരങ്ങള്‍ അറിയിക്കുന്നില്ല. ഒന്നര വര്‍ഷത്തിനിടെ ആര്‍സിസിയിൽ രക്തം നല്‍കിയവരിൽ 40 പേര്‍ക്കാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എന്നാല്‍, വിളിച്ചാൽ കിട്ടുന്നവരെ അറിയിക്കാറുണ്ടെന്നാണ് ആര്‍.സി.സി വിശദീകരണം . 

ഒന്നര വര്‍ഷത്തിനിടയില്‍ എത്ര ദാതാക്കളില്‍ എച്ച് ഐ വി ബാധ കണ്ടെത്തിയെന്ന വിവരാവകാശ ചോദ്യത്തിനുത്തരം 40 . എച്ച്ഐവി അല്ലാതെ മറ്റു പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയത് 22 പേര്‍ക്ക്. എന്നാൽ ഇതില്‍ പലരേയും രോഗബാധയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇവരിൽ പലരും അര്‍.സി.സിയിലെത്തി വീണ്ടും രക്തം നല്‍കുകയും ചെയ്തു. 2016 ജനുവരി മുതല്‍ ഡിസംബർ വരെയുള്ള കാലയളവിൽ19324 യൂണിറ്റ് രക്തഘടകമാണ് ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിച്ച് കളഞ്ഞത്.

ദേശീയ എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എങ്കില്‍ ഗുണലനിലവാര പരിശോധന നടത്തിയതിൻറെ അടക്കം വിശദാംശങ്ങൾ നൽകാമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ലാ എന്നാണ്. രക്ത ഗ്രൂപ്പിങ് കാര്‍ഡുകളുടെ നിര്‍മാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും രേഖപ്പെടുത്താൻ റജിസ്റ്ററുമില്ല. അതേസമയം, വിളിച്ചാൽ കിട്ടുന്നവരെ മാത്രം രോഗ വിവരം അറിയിക്കുമെന്നാണ് ആര്‍ സി സിയുടെ വിശദീകരണം.