കേരളത്തിൽ ഐ.എസുമായി ബന്ധമുള്ള കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായ ഷാജഹാൻ വള്ളുവകണ്ടിയെ എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് ഐ.എസ് അനുഭാവികളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
വ്യാജ പാസ്പ്പോർട്ടുമായി ദില്ലി വിമാനത്താവളത്തിൽ പിടിയിലായ ഷാജഹാൻ വള്ളുവകണ്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ ഐ.എസ് അനുഭാവികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ വെച്ച് എന്‍.ഐ.എയും കേരള പൊലീസും ഇതിനോടകം ചോദ്യം ചെയ്തായാണ് വിവരം. എൻ.ഐ.എ മാത്രം അഞ്ച് തവണയാണ് ഇയാളെ രഹസ്യമായി ചോദ്യം ചെയ്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ഐ.എസിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചതായാണ് സൂചന. ഐ.എസില്‍ ചേരാൻ തുർക്കിയിലേക്ക് പുറപ്പെട്ട ഇയാളെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഷാജഹാനുമായി ബന്ധപ്പെട്ട് ഐ.എസ് പ്രചരണങ്ങളിൽ സജീവമായിരുന്ന ആറ് മലയാളികൾ ദുബായിൽ നിന്ന് തുർക്കിൽ എത്തിക്കഴിഞ്ഞെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഈ മാസം രണ്ടാം തീയ്യതി കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ 14 ദിവസത്തെ ജൂഡീഷൽ കസ്റ്റഡിയിലാണ്.
