കെടിഡിസി , നോർക്കാ റൂട്ട്സ് , സ്പോർട്സ് കൗൺസില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഏഴുപത് ലക്ഷം രൂപ തട്ടിയെടുത്തായാണ് കേസ്

അടൂര്‍: തൊഴിൽ തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർചെയ്തു. കേസിൽ പ്രതികളായ പ്രശാന്തിന്‍റെയും ജയസൂര്യയുടെയും പൊലിസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. 
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി അടൂർ സ്വദേശികളായ പ്രശാന്തിനെയും ജയസൂര്യയെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

ഇവരെ തിരുവനന്തപുരം അടൂർ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസ് സംഘം രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഇരുവരും കാറ് വാങ്ങാനും അഡംബര ജീവിതത്തിനുമായി ചെലവിട്ടതായി പൊലീസ് പറയുന്നു. പ്രശാന്തിന്‍റെ വീട്ടില്‍ നിന്നും വ്യാജരേഖ ചമച്ച് തൊഴില്‍ തട്ടിപ്പ് നടത്തിയതിന്‍റെ ചില രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ജോലിക്കായി നല്‍കിയ ഓഫർ ലെറ്ററുകളുടെ കോപ്പികളും ഇതിൽ പെടുന്നു. കെടിഡിസി , നോർക്കാ റൂട്ട്സ് , സ്പോർട്സ് കൗൺസില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഏഴുപത് ലക്ഷം രൂപ തട്ടിയെടുത്തായാണ് കേസ്. ഇതിനിടയില്‍ അടൂർ സ്വദേശികളായ രണ്ട് പേർ പ്രശാന്തിനും ജയസൂര്യക്കും എതിരെ പുതിയ പരാതി നല്‍കി. കെറ്റഡിസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇരുപത് ലക്ഷം തട്ടിയെടുത്താതായണ് പരാതി. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കനാണ് പ്രതിപക്ഷ രാഷ്ടീയ പാർട്ടികളുടെ തീരുമാനം.