കൊല്ലം: വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച കൊല്ലം ട്രിനിറ്റി സ്കൂളിനെതിരെ പരാതികളുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്. ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതിന് പിറ്റേന്ന് സ്കൂളിലെ കെമിസ്ട്രി ടീച്ചര്‍ പത്താം ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയെ മുഖത്തടിച്ചെന്നാണ് ആക്ഷേപം. പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളിലെ നാൻസി എഡ്വേര്‍ഡ് എന്ന ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ട്രിനിറ്റി ലെസിയം സ്കൂളിലെ കെമിസ്ട്രി ലാബില്‍ വച്ചാണ് സംഭവം. ലാബില്‍ വച്ചിരുന്ന ഒരു ലായനിയുടെ പേര് തെറ്റായി പറഞ്ഞ പത്ത് സി ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ കെമിസ്ട്രി ടീച്ചര്‍ കരണത്തടിച്ചെന്നണ് പരാതി. സംഭവം പുറത്ത് പറയരുതെന്ന് താക്കീത് ചെയ്തതായി കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്. കെമിസ്ട്രി അധ്യാപിക നാൻസി എഡ്വേര്‍ഡിനെ പൊലീസ് ചോദ്യം ചെയ്തു. ഈ സംഭവം നടക്കുന്നത് ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതിന് പിറ്റേ ദിവസമാണ്. ഈ സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ്‍ സ്കൂള്‍ മാനേജ്മെന്റിനെ ഏഷ്യാനെറ്റ് ന്യൂസ് സംഘം ബന്ധപ്പെട്ടോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു മറുപടി.