ചൊവ്വാഴ്ചയായിരുന്നു മുട്ടത്തുള്ള ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയത്. ജില്ലാ കോടതിയുടെ റെക്കോര്‍ഡ് റൂമിലെ അറ്റന്‍ഡറായ ചേര്‍ത്തല പട്ടണക്കാട് സ്വദേശിയാണ് ഒളിക്യാമറക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
മുട്ടത്തിന് സമീപം ശങ്കരപ്പള്ളിയില്‍ ഇയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ വീട്പൂട്ടി എല്ലാവരും പോയെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. മുട്ടത്തെ കൊറിയര്‍ സര്‍വ്വീസ് ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് ഒളിക്യാമറ വെച്ചെന്ന് കരുതുന്ന ആളെക്കുറിച്ച് പൊലീസിന് സൂചനകള്‍ കിട്ടിയത്.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ചില സാധനങ്ങള്‍ പ്രതിയെന്ന് സംശയിക്കുന്ന കോടതി ജീവനക്കാരന് കൈമാറിയിരുന്നതായി കൊറിയര്‍ സര്‍വ്വീസിലെ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. കോടതിയുടെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ക്യാമറ പ്രാദേശിക മാര്‍ക്കറ്റില്‍നിന്ന് ലഭിച്ചതല്ലെന്നും ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നും പൊലീസിന് ആദ്യം തന്നെ വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറിയര്‍ സര്‍വ്വീസുകള്‍ വഴി അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 7.54 മുതലുള്ള ദൃശ്യങ്ങള്‍ പതിഞ്ഞ ക്യാമറ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അഭിഭാഷകരും കോടതി ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ കണ്ടെത്തിയത്.
